Kerala

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിഎംഒ

മഞ്ഞപിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്.

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിഎംഒ
X

കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി, കുന്ദമംഗലം, ചങ്ങരോത്ത്, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.

മഞ്ഞപിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. അവര്‍ക്കായി വീട്ടില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ വിവരം നല്‍കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ് രോഗ ലക്ഷണങ്ങള്‍.

രോഗവ്യാപനം തടയുവാന്‍ താഴെ പറയുന്ന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്:

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക

തണുത്തതും പഴകിയതുമായി ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക

വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം പാലിക്കുക

പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക.

പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക

ശീതള പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക

തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക.

മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

രോഗം ബാധിച്ചവരും ഭേദമായവരും ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക

യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുളള വെള്ളം കരുതുക.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

സ്വയം ചികിത്സയ്ക്ക് വിധേയരാകാതിരിക്കുക.

Next Story

RELATED STORIES

Share it