Kerala

ധീരജ് കൊലക്കേസ്: കീഴടങ്ങിയ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് കൊലക്കേസ്: കീഴടങ്ങിയ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
X

ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തില്‍ എട്ടുപേരാണുള്ളത്. കുളമാവ് സ്റ്റേഷനിലെത്തിയാണ് രണ്ടുപേരും കീഴടങ്ങിയത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കൊപ്പമുണ്ടായിരുന്നവരാണ് ഇവര്‍. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികില്‍സയിലുള്ള അഭിജിത്തിന്റെ മൊഴി.

കേസില്‍ നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയും ജെറിന്‍ ജോജോയും നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും.




Next Story

RELATED STORIES

Share it