Kerala

ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; കര്‍ശന നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

ബൈക്ക് യാത്രികനായ സിദ്ധീഖിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ലാത്തിയേറിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു.

ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; കര്‍ശന നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം
X

തിരുവനന്തപുരം: കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലിസ് ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ കർശന നടപടിക്ക് ഡിിജിപിയുടെ നിർദേശം. ബൈക്ക് യാത്രികനായ ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടിൽ സിദ്ദിഖി (22) നാണു പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ലാത്തിയേറിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.


കടയ്ക്കലിലെ സംഭവത്തിൽ ഒരു സിവില്‍ പോലിസ് ഓഫീസർ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളാണ് ലാത്തിയെറിഞ്ഞത്.

പരിക്കേറ്റ സിദ്ദിഖിനെ പോലിസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

പോലിസ് നടപടിയിൽ പ്രതിഷേധിച്ചു നാട്ടുകാർ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. തുർന്ന് എസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വച്ച് സംഭവങ്ങൾ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇതോടെ ജനങ്ങൾ ഉപരോധം അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it