Kerala

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തര്‍ക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കും: ദേവസ്വം ബോര്‍ഡ്

സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. തിരുപ്പതി മോഡല്‍ ബസ് സര്‍വീസ് തുടങ്ങാനാണ് ആലോചന. അടുത്ത വിഷു ഉല്‍സവത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 50 ബസ്സുകള്‍ ഓടിക്കും.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തര്‍ക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കും: ദേവസ്വം ബോര്‍ഡ്
X

ശബരിമല: അടുത്ത വിഷു ഉല്‍സവം മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ യാത്രാസൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ശബരിമല മകരവിളക്ക് ക്രമീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ദേവസ്വം ബോര്‍ഡ് അവലോകനയോഗത്തിനുശേഷം പ്രസിഡന്റ് എ പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. തിരുപ്പതി മോഡല്‍ ബസ് സര്‍വീസ് തുടങ്ങാനാണ് ആലോചന. അടുത്ത വിഷു ഉല്‍സവത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 50 ബസ്സുകള്‍ ഓടിക്കും. ദേവസ്വം ബോര്‍ഡ് നേരിട്ടാവില്ല സര്‍വീസ് നടത്തുന്നത്. പകരം സന്നദ്ധസംഘടനകളുടെ വാഹനങ്ങളായിരിക്കും ഓടിക്കുക. നിലവില്‍ കെഎസ്ആര്‍ടിസിയാണു പ്രത്യേക ചാര്‍ജ് ഈടാക്കി പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയില്‍ ഒട്ടേറെ ആചാരലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരയ സമുദായമാണു തേനഭിഷേകം നടത്തിയിരുന്നത് എന്നാണു പറച്ചില്‍. അതു മാറി.

ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്‍മാര്‍ മലചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. 18ാം പടി പഞ്ചലോഹം കൊണ്ടുമൂടി. കാനനക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായി. ആചാരവും ആചാരവിരുദ്ധവും എന്തൊക്കെയാണെന്ന് കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട കാര്യമാണ്. ഈ മണ്ഡലക്കാലത്ത് ശബരിമലയില്‍ നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ല. ശബരിമലയുടെ വികസനത്തിനും തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെയും ഇത് ബാധിക്കില്ല. നടവരവുകൊണ്ട് മാത്രമല്ല, സര്‍ക്കാര്‍ നല്‍കുന്ന പൊതുപണംകൂടി ഉപയോഗിച്ചാണ് ശബരിമലയുടെ വികസനം നടക്കുന്നത്.

നടവരവ് കുറയ്ക്കാന്‍ ആസൂത്രിത നീക്കം നടത്തിയവര്‍ എത്രശ്രമിച്ചാലും പരമാവധി നൂറുകോടി രൂപയുടെ കുറവുണ്ടാക്കാനേ ആവൂ. പക്ഷേ, പകരം 200 കോടി രൂപ സര്‍ക്കാര്‍ തരും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹരജി നല്‍കിയിട്ടില്ല. യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി വിധി വന്നിട്ട് അഭിപ്രായം പറയുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it