Kerala

ശസ്ത്രക്രിയ്ക്കിടെ സമീര്‍ കല്ലറയുടെ മരണം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കിയിട്ടും നടപടിയില്ല. ആശുപത്രി മാനേജ്‌മെന്റ് സ്വാധീനം ഉപയോഗിച്ച് പരാതികളെല്ലാം ഒതുക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

ശസ്ത്രക്രിയ്ക്കിടെ സമീര്‍ കല്ലറയുടെ മരണം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ മരണപ്പെട്ട സമീര്‍ കല്ലറയുടെ മരണത്തില്‍ ബന്ധുക്കളുടെ സംശയമകറ്റാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര ആവശ്യപ്പെട്ടു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കിയിട്ടും നടപടിയില്ല. ആശുപത്രി മാനേജ്‌മെന്റ് സ്വാധീനം ഉപയോഗിച്ച് പരാതികളെല്ലാം ഒതുക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. കിഡ്‌നി സ്റ്റോണിന് ചികില്‍സയിലിരിക്കെയാണ് സമീര്‍ മരിച്ചത്. അനസ്‌തേഷ്യ നല്‍കിയതിലുള്ള അപാകതയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അതിനിടെ, ആശുപത്രി അധികൃതര്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വിദേശത്ത് ജോലിചെയ്തിരുന്ന സമീര്‍ കിഡ്‌നി സ്റ്റോണിന് ചികില്‍സ തേടിയാണ് നാട്ടിലെത്തിയത്. രണ്ടുതവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമായില്ല. രണ്ടാമത്തെ ശസ്ത്രക്രിയക്കുശേഷം കിഡ്‌നി സ്റ്റോണ്‍ നീക്കിയെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളും ആശുപത്രി അധികൃതര്‍ നല്‍കി. തിരികെ വിദേശത്തേക്ക് പോവാനിരിക്കെ അസുഖം ഭേദമായില്ലെന്ന് മനസ്സിലായതോടെ മൂന്നാമത് ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. രണ്ടുതവണ അനസ്‌തേഷ്യ നല്‍കിയതിനാല്‍ മൂന്നാമത് ജനറല്‍ അനസ്‌തേഷ്യയ്ക്ക് പകരം ലോക്കല്‍ അനസ്‌തേഷ്യ നല്‍കാമെന്ന ഉറപ്പിലാണ് സമീര്‍ മുന്നാമത് ശസ്ത്രക്രിയക്ക് സമ്മതം മൂളിയതെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.

എന്നാല്‍, ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിര്‍ബന്ധിത പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയതെന്നാനാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിലെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ടെന്നും അന്വേഷണം അനിവാര്യമാണെന്നും ഇർഷാദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it