Kerala

ജനാധിപത്യത്തിലെ ഏറ്റവും വലിയ നരഹത്യയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് ദയാബായി

2013ല്‍ പ്രഖ്യാപിച്ച കാസര്‍ക്കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് ഇവിടെയുള്ളവര്‍ക്കും ദുരിതബാധിതര്‍ക്കുംദയാബായി പറഞ്ഞു.

ജനാധിപത്യത്തിലെ ഏറ്റവും വലിയ നരഹത്യയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് ദയാബായി
X

കൊച്ചി: ജനാധിപത്യത്തിലെ ഏറ്റവും വലിയ നരഹത്യയാണ് കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇതുവഴി കാസര്‍ക്കോട് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും ഒരു സഹായം പോലും കിട്ടാത്ത ഇരകള്‍ ഇപ്പോഴുമുണ്ട്. പെന്‍ഷന്‍ കിട്ടികൊണ്ടിരിക്കുന്നവര്‍ക്ക് പോലും കഴിഞ്ഞ നാലു മാസമായി അത് കിട്ടുന്നില്ല. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നാണ് കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റ് സമരം ചെയ്തപ്പോള്‍ സര്‍ക്കാര്‍ വാദ്ഗാനം ചെയ്തത്. പക്ഷേ ഒന്നും ചെയ്തില്ല. 1500 പേരുടെ ലിസ്റ്റുണ്ടായിരുന്നത് പിന്നീട് 250 ആക്കി വെട്ടിചുരുക്കി. ചിലരെ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തിയെങ്കിലും ആര്‍ക്കും സഹായം ലഭിച്ചില്ല. സഹായം കിട്ടാതെ ഒരു കുട്ടി കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു.

2013ല്‍ പ്രഖ്യാപിച്ച കാസര്‍ക്കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേട് ഇവിടെയുള്ളവര്‍ക്കും ദുരിതബാധിതര്‍ക്കും. ഒരു വിദഗ്ധ ന്യൂറോളജിസ്റ്റിന്റെ സേവനം പോലും ദുരിതബാധിതര്‍ക്ക് ലഭിക്കുന്നില്ല.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കെതിരെയും സമര പരിപാടികള്‍ക്കെതിരെയും വലിയ തോതില്‍ നെഗറ്റീവ് പ്രചാരണം നടക്കുകയാണ്. ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരെ കെട്ടുകഥകളും അപവാദങ്ങളും പടച്ചുവിടുന്നു. എന്‍ഡോസള്‍ഫാന്‍ കലക്കി വച്ചാല്‍ പത്ത് ദിവസം കൊണ്ട് പച്ചവെള്ളമാവുമെന്നാണ് കാസര്‍ക്കോടെ കലക്ടര്‍ പറയുന്നത്. ഇത്തരം വാദങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാരിന് വേണ്ടിയാണ് ഈ നുണ പ്രചാരണങ്ങളെല്ലാം നടക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പൊതുജനത്തെ അറിയിക്കാനാണ് സംസ്ഥാനമൊട്ടാകെ കാംപയിനുകള്‍ നടത്തുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോടും അമ്മമാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്ലാവരും പങ്കെടുക്കണമെന്നും ദയാബായി അഭ്യര്‍ഥിച്ചു. 'എന്‍ഡോസള്‍ഫാന്‍ ദുരന്തം; ഒരു പിടി ചോദ്യങ്ങളും ഒരുകെട്ട് വിരോധാഭാസങ്ങളും' എന്ന ഏകാങ്ക നാടകവും വേദിയില്‍ ദയാബായി അവതരിപ്പിച്ചു. സംഗമത്തില്‍ സി ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ കെ എം മാത്യു, ജേക്കബ് തോമസ്, ജിയോ ജോസ്, റോയ് എം തോട്ടം തുടങ്ങിയവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it