Kerala

എടത്വ കോളജില്‍ അപകടകരമാംവിധം വാഹനാഭ്യാസം; ഏഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

സാഹസികപ്രകടനം നടത്തുന്നതിനിടെ ജീപ്പില്‍നിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികളെ എടത്വ പോലിസ് അറസ്റ്റുചെയ്തു. സാഹസികപ്രകടനത്തിന് ഉപയോഗിച്ച 6 വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ഥികള്‍ കാംപസിനകത്ത് മോട്ടോര്‍ റേസിങ് നടത്തുന്നതും സാഹസികപ്രകടനത്തിനിടെ വിദ്യാര്‍ഥികള്‍ വാഹനത്തിനില്‍നിന്ന് വീഴുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

എടത്വ കോളജില്‍ അപകടകരമാംവിധം വാഹനാഭ്യാസം; ഏഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
X

ആലപ്പുഴ: കോളജ് കാംപസില്‍ അപകടകരമായ വിധത്തില്‍ വിദ്യാര്‍ഥികളുടെ വാഹന റേസിങ്. സാഹസികപ്രകടനം നടത്തുന്നതിനിടെ ജീപ്പില്‍നിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികളെ എടത്വ പോലിസ് അറസ്റ്റുചെയ്തു. സാഹസികപ്രകടനത്തിന് ഉപയോഗിച്ച 6 വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ഥികള്‍ കാംപസിനകത്ത് മോട്ടോര്‍ റേസിങ് നടത്തുന്നതും സാഹസികപ്രകടനത്തിനിടെ വിദ്യാര്‍ഥികള്‍ വാഹനത്തിനില്‍നിന്ന് വീഴുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറടക്കം ഇടപെട്ടതോടെയാണ് കാംപസില്‍ സാഹസികപ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തത്. കോളജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ചായിരുന്നു വാഹനാഭ്യാസം. കാറിലും ജീപ്പിലും ബൈക്കുകളിലിലുമായെത്തിയ വിദ്യാര്‍ഥികള്‍ കോളജ് വളപ്പിലൂടെ അപകടകരമാംവിധം വണ്ടിയോടിച്ചു. വിദ്യാര്‍ഥിനികളടക്കം കാഴ്ചക്കാരായി നില്‍ക്കെയാണ് വാഹനാഭ്യാസം അരങ്ങറിയത്. ഇതിനിടെ ജീപ്പില്‍നിന്നും രണ്ട് വിദ്യാര്‍ഥികള്‍ തെറിച്ചുവീഴുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഫെബ്രുവരി 26ന് ബികോം ടാക്‌സ് ആന്റ് ഫിനാന്‍സ് വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യാസങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 1 ന് ബികോം കംപ്യൂട്ടര്‍ വിഭാഗം വിദ്യാര്‍ഥികളും അഭ്യാസം ആവര്‍ത്തിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍ സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയായിരുന്നു. 2015 ല്‍ തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷ ചടങ്ങുകള്‍ക്കിടെ അമിതവേഗതയില്‍വന്ന വാഹനമിടിച്ചു വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് കാംപസിനുള്ളില്‍ വാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, ഇതൊക്കെ കാറ്റില്‍പ്പറത്തിയാണ് എടത്വ കോളജില്‍ മോട്ടോര്‍ റേസിങ് അരങ്ങേറിയത്. സംഭവത്തില്‍ ജില്ലാ കലക്ടറടക്കം ഇടപെട്ടതിനെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് അടിയന്തര റിപോര്‍ട്ടും നല്‍കി. ഇതിന് പിന്നാലെയാണ് സാഹസിക പ്രകടനം നടത്തിയ 7 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തത്. കാംപസില്‍ വാഹനം കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന്റെ അനുമതിയില്ലാതെയാണ് പരിപാടി നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കോളജ് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it