Kerala

കൊവിഡ് 19: അന്ധവിശ്വാസങ്ങളും കപട പ്രചരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്തണം- സിപിഎം

മാരകമായ കൊവിഡ്‌ 19 വൈറസ്‌ ചികിത്സയ്‌ക്ക്‌ വളരെ പ്രാകൃതമായ ഗോമൂത്ര ചികിത്സ പോലെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശാസ്‌ത്രവിരുദ്ധമായ പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിക്കുന്നുണ്ട്‌.

കൊവിഡ് 19: അന്ധവിശ്വാസങ്ങളും കപട പ്രചരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്തണം- സിപിഎം
X

തിരുവനന്തപുരം: തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്‌ത്രീയവുമായ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക്‌ പിന്നാലെ പോകാതെ അന്ധവിശ്വാസങ്ങളും കപട പ്രചരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്താനും കഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

കൊവിഡ്‌- 19 വൈറസ്‌ ബാധ പടരുന്നത്‌ നിയന്ത്രിക്കാന്‍ കേരള സർക്കാർ എടുത്ത മുന്‍കരുതലുകള്‍ രാജ്യത്താകെ മാതൃകയാകുകയാണ്‌. ഇത്തരത്തില്‍ രാജ്യത്തിന്റെ അംഗീകാരം നേടിയെടുത്ത സർക്കാരിനെ അഭിനന്ദിക്കുകയാണ്‌. സര്‍ക്കാര്‍ നടപടികളോട്‌ സഹകരിച്ചു കൊണ്ട്‌ പാര്‍ടി പ്രവര്‍ത്തകരും പൊതുജനങ്ങളാകെയും സമൂഹത്തില്‍ ശാസ്‌ത്രീയ അവബോധം വളര്‍ത്തിക്കൊണ്ട്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങണം.

സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള മുന്‍കരുതലുകളും, ബോധവത്‌ക്കരണവും, രോഗവ്യാപനം തടയുന്നതിന്‌ അനിവാര്യമാണ്‌. കൊവിഡ്‌ - 19 വൈറസ്‌ ബാധ രാജ്യമാകമാനം രണ്ടാംഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. വളരെ സൂക്ഷ്‌മതയോടു കൂടി പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിക്കുക വഴി രോഗവ്യാപനം നിയന്ത്രിക്കുവാന്‍ സംസ്ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ മനുഷ്യരിലേക്ക്‌ രോഗം പടരാതിരിക്കാന്‍ ജാഗ്രത ആവശ്യമായിട്ടുണ്ട്‌. എന്നാല്‍ ഭയാശങ്കകള്‍ പടര്‍ത്തുന്ന തരത്തിലുള്ള വ്യാജപ്രചരണം ഒഴിവാക്കുകയും വേണം. ഊഹാപോഹങ്ങളും, കെട്ടുകഥകളും വിശ്വസിച്ച്‌ മോശമായി പെരുമാറുന്നത്‌ ഒഴിവാക്കണം. മാരകമായ കോവിഡ്‌ - 19 വൈറസ്‌ ചികിത്സയ്‌ക്ക്‌ വളരെ പ്രാകൃതമായ ഗോമൂത്ര ചികിത്സ പോലെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശാസ്‌ത്രവിരുദ്ധമായ പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിക്കുന്നുണ്ട്‌.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചും അല്ലാതേയും ശരിയായ ബോധവത്‌ക്കരണം നടത്തുവാനും, ശാസ്‌ത്രീയമായ അവബോധമുണ്ടാക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it