Kerala

വയനാട്ടില്‍ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

വയനാട്ടില്‍ സിപിഎം പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരനാണ് സിപിഎമ്മില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ശങ്കരന്‍ സിപിഎം പുല്‍പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്.

വയനാട്ടില്‍ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സിപിഎം നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വയനാട്ടില്‍ സിപിഎം പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരനാണ് സിപിഎമ്മില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ശങ്കരന്‍ സിപിഎം പുല്‍പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്. ആദിവാസി പ്രശ്‌നങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാവാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് ശങ്കരന്‍ പറഞ്ഞു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മല്‍സരിപ്പിക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയതിനാലാണ് താന്‍ സിപിഎം വിട്ടതെന്ന് ഇ എ ശങ്കരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, പോസ്റ്റിട്ടത് താനല്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സിപിഎം പുല്‍പള്ളി ഏരിയാകമ്മിറ്റി അംഗമായ ഇ എ ശങ്കരനെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് സിപിഎമ്മില്‍നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. നേരത്തെ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചാണ് ശങ്കരന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി അവസരങ്ങളും സ്ഥാനങ്ങളുമാണ് ശങ്കരന് നല്‍കിയത്.

അവസരവാദരാഷ്ട്രീയവും സ്ഥാനമോഹവും വച്ചുപുലര്‍ത്തിയ വഞ്ചനയാണ് ശങ്കരനില്‍നിന്ന് ഉണ്ടായതെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ശങ്കരന് നല്‍കേണ്ട എല്ലാ മാന്യമായ പാര്‍ട്ടി പദവികളും പാര്‍ലമെന്ററി പദവികളും നല്‍കിയിരുന്നു. ഇത് ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണെന്നും ആദിവാസി ക്ഷേമസമിതി സംസ്ഥാന രക്ഷാധികാരി കൂടിയായ സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it