Kerala

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ
X

തിരുവനന്തപുരം: എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ അവഗണിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പദ്ധതിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇതിനിടയിലാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത്.

പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മുഖ്യമന്ത്രിയെ കണ്ട് എതിര്‍പ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചര്‍ച്ച നടത്തും. അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കാന്‍ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വിശദീകരിക്കും. എന്‍ഇപി നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മന്ത്രിമാര്‍ ക്യാബിനറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് നീങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും. സിപിഐയുടെ വിദ്യാര്‍ഥി യുവജന സംഘടനകളും ഇന്ന് പ്രതിഷേധത്തിലേക്ക് കടക്കും.

വിദ്യാഭ്യാസവകുപ്പ് നടപടിയില്‍ പ്രതിഷേധിക്കാന്‍ എഐഎസ്എഫ് തീരുമാനിച്ചു. സര്‍ക്കാര്‍ നടപടി വഞ്ചനാപരമായ നിലപാടെന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തെരുവില്‍ സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ചതിനെതിരെ ഇന്ന് വ്യാപക പ്രതിഷേധത്തിനാണ് എംഎസ്എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്, കാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആഹ്വാനം ചെയ്തു. അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്ന് പി കെ നവാസ് പറഞ്ഞു. കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐ ആചരിക്കുന്നത്. കേരള വിദ്യാര്‍ഥി സമൂഹം എസ്എഫ്‌ഐക്ക് മാപ്പ് തരില്ലെന്നും നവാസ് പറഞ്ഞു.

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെയാണ് ഇന്നലെ കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്. സംസ്ഥാനത്തിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളം പദ്ധതിയുടെ ഭാഗമായി മാറിയതോടെ 1,500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം കേരളം പിന്തുടരേണ്ടി വരും. മൂന്നു തവണ മന്ത്രിസഭയിലടക്കം സിപിഐ എതിര്‍പ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോയെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിയമപരമായി തടസങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it