Kerala

കൊവിഡ് വ്യാപനം കാട്ടുതീപോലെ; പിന്‍വാങ്ങുന്നുവെന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

കൊവിഡ് വന്നുപോവുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തില്‍ പ്രബലമാവുന്നുണ്ട്. എന്നാല്‍, നമ്മള്‍ മനസ്സിലാക്കേണ്ടത് പലരിലും രോഗം വന്നുപോവുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നത് എന്നതാണ്. കൊവിഡ് വിമുക്തി നേടിയാലും അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളില്‍ കാണുന്നുണ്ട്.

കൊവിഡ് വ്യാപനം കാട്ടുതീപോലെ; പിന്‍വാങ്ങുന്നുവെന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ കോവിഡ് മഹാമാരി പിന്‍വാങ്ങുന്നുവെന്ന തോന്നലുകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം കാട്ടുതീ പോലെയാണ്. തീയല്‍പം ശമിക്കുന്നു എന്നത് അടുത്ത കാട്ടിലേക്ക് തീ പടരുന്നതിനു മുമ്പുള്ള താല്‍ക്കാലിക ശാന്തത മാത്രമാവാം. അതുകൊണ്ട് തീ പടരാനുള്ള സാഹചര്യമൊഴിവാക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തേണ്ടത്. രോഗം പടരാതിരിക്കാനുള്ള കരുതല്‍ കൂടുതല്‍ ജാഗ്രതയോടെ നമ്മള്‍ തുടരുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദേശിച്ചു.

ദേശീയതലത്തില്‍ കൊവിഡ് വ്യാപനം അതിന്റെ ഉയര്‍ന്ന തോതില്‍ പിന്നിട്ടു എന്നൊരു പ്രചരണം നടന്നുവരുന്നുണ്ട്. എന്നാല്‍, കൊവിഡ് രോഗവ്യാപനത്തിന്റെ ലോകമൊന്നാകെയുള്ള പ്രത്യേകത പരിഗണിക്കുമ്പോള്‍ പലയിടങ്ങളിലും രോഗികളുടെ എണ്ണം പരമാവധിയിലെത്തിയതിനുശേഷം കുറയുകയും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയരുകയും ചെയ്യുന്നത് കാണാനായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം സമാനമായ സ്ഥിതിവിശേഷം കാണുകയുണ്ടായി.

അതുകൊണ്ടുതന്നെ പരമാവധിയിലെത്തിയതിനുശേഷം കുറഞ്ഞുവരുന്നു എന്ന തോന്നല്‍ രോഗവ്യാപനം പിന്‍വാങ്ങുന്നതിന്റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. വീണ്ടും രോഗവ്യാപനം പീക്ക് ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ഒരു ഇടവേള മാത്രമായിരിക്കാം അത്. കൊവിഡ് വന്നുപോവുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തില്‍ പ്രബലമാവുന്നുണ്ട്. എന്നാല്‍, നമ്മള്‍ മനസ്സിലാക്കേണ്ടത് പലരിലും രോഗം വന്നുപോവുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നത് എന്നതാണ്. കൊവിഡ് വിമുക്തി നേടിയാലും അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളില്‍ കാണുന്നുണ്ട്.

സാധാരണ ഗതിയില്‍ രോഗം ബാധിച്ചാല്‍ പത്തുദിവസങ്ങള്‍ക്കപ്പുറം വൈറസ് മനുഷ്യശരീരത്തില്‍ നിലനില്‍ക്കുന്നില്ല. എങ്കിലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയതിനുശേഷം മാത്രമാണ് നമ്മള്‍ കൊവിഡ് വിമുക്തി കൈവരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത്. അങ്ങനെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പുവരുത്തിയവരുടെ ശരീരത്തില്‍ വൈറസുകള്‍ നിലനില്‍ക്കുന്നുണ്ടാവില്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങല്‍ അവശത നേരിടാനുള്ള സാധ്യതയുണ്ട്. ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കൊവിഡ് ബാധയേല്‍പിച്ച വ്യതിയാനങ്ങള്‍ മാറാന്‍ പലപ്പോളും കുറച്ചുകാലമെടുക്കും. അത്തരക്കാരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്ഷീണവും ഹൃദ്രോഗസാധ്യതകള്‍ കൂടുന്നതും മറ്റും കണ്ടുവരുന്നുണ്ട്.

ചെറുതല്ലാത്ത ഒരുശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്. അതുകൊണ്ട്, പത്തുദിവസം കഴിഞ്ഞ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാലും ഒരാഴ്ച കൂടെ ക്വാറന്റൈന്‍ തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആവശ്യത്തിനു വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഈ സമയം വിനിയോഗിക്കണം. അവശത നീണ്ടുനില്‍ക്കുന്നുവെന്നു തോന്നുന്നവര്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തയ്യാറാവണം.

ഹൈപ്പര്‍ ടെന്‍ഷന്‍ മുതലായ ദീര്‍ഘസ്ഥായിയായ രോഗങ്ങളുള്ളവര്‍ കൊവിഡിനുശേഷം രോഗാവസ്ഥ മോശമാവാതെ ശ്രദ്ധിക്കാനുള്ള പ്രത്യേക കരുതലും കാണിക്കണം. അവശ്യമായ വിശ്രമം നേടിയതിനു ശേഷമേ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. ശബരിമല തീര്‍ഥാടനത്തിന് പോവുന്നവരും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ചവരില്‍ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ മലകയറുന്നതുപോലെയുള്ള കഠിനമായ പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കുന്നതാവും അവരുടെ ആരോഗ്യസംരക്ഷണത്തിന് ഉചിതമായ കാര്യം.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൊവിഡ് ടെസ്റ്റിങ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വകാര്യലാബുകളിലെ കൊവിഡ് പരിശോധനാ നിരക്കുകളില്‍ വലിയ കുറവ് ഇന്നലെ മുതല്‍ വരുത്തിയിട്ടുണ്ട്. കൂടുതലാളുകള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാവുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it