Kerala

കൊവിഡ്: വോട്ടിങ് സമയം ദീര്‍ഘിപ്പിക്കാനും പോസ്റ്റല്‍ വോട്ടിനും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും

നിര്‍ദിഷ്ട ഭദഗതി അനുസരിച്ച് പോളിങ് സമയം രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കൊവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടുചെയ്യുന്നതിന് അവസരമുണ്ടായിരിക്കും.

കൊവിഡ്: വോട്ടിങ് സമയം ദീര്‍ഘിപ്പിക്കാനും പോസ്റ്റല്‍ വോട്ടിനും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും
X

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍ദിഷ്ട ഭദഗതി അനുസരിച്ച് പോളിങ് സമയം രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കൊവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടുചെയ്യുന്നതിന് അവസരമുണ്ടായിരിക്കും.

23 ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. കേരള സിറാമിക്‌സ് ലിമിറ്റ്ഡ് കമ്പനിയിലെ ഓഫിസര്‍മാരുടെ ശമ്പള പരിഷ്‌കരണം ധനകാര്യവകുപ്പും പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡും നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി 01-04-2011 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളപരിഷ്‌കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് തിയ്യതി മുതല്‍ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.

2010ല്‍ അനുവദിച്ചതും 2011-12 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 3 എച്ച്എസ്എസ്ടി തസ്തികകളും 8 എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകളും സൃഷ്ടിക്കാനും 6 എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. കൊല്ലം ഗവ. ജവഹര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂര്‍ ബി.പി. അങ്ങാടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെസ്റ്റ് കല്ലട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലായിരിക്കും തസ്തികകള്‍ അനുവദിക്കുക.

കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തില്‍ വിഷ്ണുവിന് കൃത്രിമക്കാല്‍ ഘടിപ്പിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ച് 1,97,000 രൂപ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. കോഴഞ്ചേരി മൈലപ്ര മേക്കോഴൂര്‍ തടത്തില്‍ വീട്ടില്‍ മോഹനന് പത്തനംതിട്ട അഡീഷനല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി ചുമത്തിയ ഒരുലക്ഷം രൂപ പിഴ ഒഴിവാക്കി നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. മോഹനന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഭാര്യ ശാന്ത സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണിത്.

പുനഃവിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സുകള്‍

1. 2020-ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ്

2. 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്

3. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

4. 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്

5. 2020-ലെ കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓര്‍ഡിനന്‍സ്.

6. 2020-ലെ കേരള അഗ്രകള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

7. 2020-ലെ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ഓര്‍ഡിനന്‍സ്.

8. 2020-ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നോവേഷന്‍ ആന്റ് ടെക്‌നോളജി ഓര്‍ഡിനന്‍സ്.

9. 2020-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.

10. 2020-ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

11. 2020-ലെ പേമെന്റ് ഓഫ് സാലറീസ് ആന്റ് അലവന്‍സസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

12. 2020-ലെ കേരള ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ഓര്‍ഡിനന്‍സ്.

13. 2020-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് (2020ലെ 31)

14. 2020ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2020ലെ 32)

15. 2020ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

16. 2020-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

17. 2020-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്‌സ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ്) (ഭേദഗതി) ഓര്‍ഡിനന്‍സ്.

18. 2020-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട അധിക ചുമതലകള്‍) ഓര്‍ഡിനന്‍സ്.

19. 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

20. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.

21. 2020-ലെ കേരള പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് റവന്യൂസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

22. 2020-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ഓര്‍ഡിനന്‍സ്.

23. 2020-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

Next Story

RELATED STORIES

Share it