കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകരുടെ സേന രൂപീകരിക്കും
എല്ലാ പഞ്ചായത്തുകളിലും നൂറ് കിടക്കകളുള്ള ഫസ്റ്റ്ലൈൻ സെന്ററുകളാണ് ആരംഭിക്കുക. നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെ ഉടൻ കണ്ടെത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരെ അണിനിരത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും നൂറ് കിടക്കകളുള്ള ഫസ്റ്റ്ലൈൻ സെന്ററുകളാണ് ആരംഭിക്കുക. നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെ ഉടൻ കണ്ടെത്തും.
ഏതുനിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ ഒരു സേന പോലുള്ള സംവിധാനമാണ് ആരോഗ്യ പ്രവർത്തകർക്കായി രൂപംകൊടുക്കുക. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടവർക്ക് പുറമെ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടും.
സ്വകാര്യആശുപത്രികളേയും ക്ലിനിക്കുകളേയും സഹകരിപ്പിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇതിന് മുൻകൈയെടുക്കും. ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുകയാണ്. അതിവേഗം ഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമുണ്ടാകും. സ്വകാര്യലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. കൂടുതൽ പരിശോധന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അടിയന്തര പ്രധാന്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.