Kerala

കൊവിഡ്: കേന്ദ്ര പാക്കേജ് അപര്യാപ്തം; സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണം- മുഖ്യമന്ത്രി

പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസസ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ്: കേന്ദ്ര പാക്കേജ് അപര്യാപ്തം; സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണം- മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജിനെ പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ നമ്മുടെ വിഷമതകള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സില്‍നിന്ന് സ്വകാര്യമേഖലയെ ഒഴിവാക്കിയിരിക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യാശുപത്രികളും അവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും സജീവമായി പങ്കെടുക്കേണ്ടിവരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതുകൊണ്ട് സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തി ആസംവിധാനം വിപുലപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഞ്ചുകിലോ അരി, ഒരുകിലോ പയര്‍ എന്നത് എല്ലാവര്‍ക്കും നല്‍കണം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ സൗജന്യറേഷന്‍ അനുവദിക്കണം. ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതി വേണ്ടതുണ്ട്. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ് വിപുലപ്പെടുത്തണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുന്നത് അടക്കം പരിഗണിക്കണം. നിലവിലുള്ള 3 ശതമാനം 5 ശതമാനമായെങ്കിലും ഉയര്‍ത്തണം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം. പലവ്യഞ്ജനക്കിറ്റ് നല്‍കുന്നതിനാവശ്യമായ ധാന്യങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു. പ്രധാനമന്ത്രി രാവിലെ വിളിച്ച് സംസ്ഥാനത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളില്‍ മതിപ്പ് രേഖപ്പെടുത്തി. ഏതുഘട്ടത്തിലും സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു. നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യപണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസസ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭകളിലും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 1,545 പേരാണ് ഈ 31 ക്യാംപുകളിലായുള്ളത്. ഇവരെ ഭദ്രമായി സ്ഥലത്ത് താമസിപ്പിക്കണം. ഭക്ഷണം പാകംചെയ്യാന്‍ പറ്റിയതുള്‍പ്പെടെ സൗകര്യങ്ങളുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാനങ്ങള്‍ നമുക്കുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4,603 ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്.

എല്ലാ ക്യാംപുകളിലും മാസ്‌ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഏറ്റെടുക്കണം. ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്‌ലെറ്റുകള്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധപ്രചരണങ്ങള്‍ക്ക് നടപടി സ്വീകരിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍തന്നെ വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികില്‍സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.

ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കും. അതിന് എല്ലാ തരത്തിലും ഇടപെടലുണ്ടാകും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം. 'സന്നദ്ധം' പോര്‍ട്ടലിലേക്ക് യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്‌ട്രേഷന്‍ മുടങ്ങുന്നുവെന്ന പരാതി അടിയന്തരമായി പരിഹരിക്കും. സംസ്ഥാനത്ത് ഒരുതരത്തിലുള്ള ഒഴിപ്പിക്കലും (രോഗപ്രതിരോധത്തിന്റെ ആവശ്യത്തിനല്ലാതെ) ഇപ്പോള്‍ ഉണ്ടാവരുത്. കടമുറികള്‍ ഒഴിപ്പിക്കാന്‍ പാടില്ല.

വിലക്കയറ്റം തടയാന്‍ കര്‍ക്കശമായി ഇടപെടും. രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കും. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാരില്‍ ചിലര്‍ ഒറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ ഉണ്ടാവുന്നുണ്ട്. അതൊരു കാരണവശാലും അനുവദിക്കരുത്.

പോപീസ് എന്ന വസ്ത്രനിര്‍മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാതശിശുക്കള്‍ക്കുള്ള വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് കെയര്‍ സെന്ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്. ഓട്ടോ ടാക്‌സികള്‍ക്ക് കര്‍ശനനിയന്ത്രണമുണ്ട്. എന്നാല്‍, ചില അത്യാവശ്യഘട്ടങ്ങളില്‍ അതില്‍ അവര്‍ ഓടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് അമിതമാവാന്‍ പാടില്ല. പോലിസുകാര്‍ റോഡിലാണ് ഡ്യൂട്ടി ചെയ്യുന്നത്. അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it