Kerala

കൊവിഡും മഴയും: എറണാകുളത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി;സമയോചിത ഇടപെടലിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

അതിശക്തമായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവുമുണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുന്നത് ചെല്ലാനം, കൊച്ചി കോര്‍പ്പറേഷന്‍, പറവൂര്‍, കോതമംഗലം, മുവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാകും.മെയ് 15ന് 20 സെന്റിമീറ്റര്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

കൊവിഡും മഴയും: എറണാകുളത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി;സമയോചിത ഇടപെടലിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
X

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ നാളെയും മറ്റന്നാളുംഅതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി എത്തിയതോടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ജില്ലാ ഭരണകുടംഓരോ താലൂക്കുകളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയ കലക്ടര്‍ എസ് സുഹാസ് സമയോചിതമായ ഇടപെടലുകള്‍ നടത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിശക്തമായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവുമുണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുന്നത് ചെല്ലാനം, കൊച്ചി കോര്‍പ്പറേഷന്‍, പറവൂര്‍, കോതമംഗലം, മുവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാകും. ഈ ഓരോ പ്രദേശങ്ങളിലെയും ദുരന്ത നിവാരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍ നല്‍കി.മെയ് 15ന് 20 സെന്റിമീറ്റര്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. 2019ലെ സാഹചര്യത്തിന് സമാനമായ സ്ഥിതി മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ മോട്ടറുകള്‍ ഏറ്റെടുക്കും.

വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ഈ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ബഫര്‍ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.മല്‍സ്യ ബന്ധനത്തിന് പോയിട്ടുള്ള എല്ലാ ബോട്ടുകളും തിരിച്ചെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരിച്ചെത്താത്ത ബോട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചെല്ലാനം മേഖലയില്‍ കടലാക്രമണം മുന്‍നിര്‍ത്തി ക്യാംപുകള്‍ തുറക്കും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ചെല്ലാനം പഞ്ചായത്തിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കായി യാത്രാ പാസുകള്‍ അനുവദിക്കും. കൊവിഡ് പോസിറ്റീവായവരുടെ ലിസ്റ്റ് തയാറാക്കി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഡൊമിസലി കെയര്‍ സെന്ററുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പോലീസിന്റെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.പറവൂരില്‍ ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

എല്ലാ വില്ലേജുകളിലും രണ്ട് ക്യാംപുകള്‍ വീതം തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുവാറ്റുപുഴ, കോതമംഗലം മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം സുഗമമാക്കും. ആംബുലന്‍സുകളുടെ ഗതാഗതവും സുഗമമാക്കാന്‍ നടപടി സ്വീകരിക്കും. ഫയര്‍ഫോഴ്‌സിന് ആവശ്യമായ ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അതാത് പ്രദേശത്തെ ജനപ്രതിനിധികളുടെ സഹകരണവും ഉറപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it