Kerala

കൊവിഡ്: കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന കൂടുതല്‍വ്യാപകമാക്കണമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ

രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

കൊവിഡ്: കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന കൂടുതല്‍വ്യാപകമാക്കണമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ
X

കോട്ടയം: ജില്ലയില്‍ കൊവിഡ്-19 സാംപിള്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കണമെന്ന് മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങളുള്ളവരെയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും വയോജനങ്ങള്‍, യാത്രാ പശ്ചാത്തലമുള്ളവര്‍ തുടങ്ങിയവരെയും സാംപിള്‍ ശേഖരിച്ചതിനുശേഷം ക്വാറന്റൈനില്‍ പാര്‍പ്പിക്കണം. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.


സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങള്‍ സമയബന്ധിതമായി അതത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൈമാറണം. സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഹോം ക്വാറന്റൈന്‍ നിരീക്ഷണം പരമാവധി ഊര്‍ജിതമാക്കണം. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് മേഖലകളിലും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പാസ് നല്‍കണം. പാസ് ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് അവശ്യവസ്തുക്കളുടെ വിതരണത്തിന് പ്രത്യേക സമയം നിശ്ചയിക്കണം.

കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോവണം. ഭക്ഷണത്തിന് ആവശ്യക്കാരില്ലാത്ത സാഹചര്യത്തില്‍ മാത്രമേ കമ്മ്യൂണിറ്റി കിച്ചണുകള്‍ നിര്‍ത്തലാക്കാന്‍ പാടുള്ളൂ. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം. ജില്ലയിലെ എല്ലാ ലേബര്‍ ക്യാംപുകളിലെയുംസ്ഥിതിഗതികള്‍ തൊഴില്‍വകുപ്പ് നിരീക്ഷിക്കണം. നിലവിലെ സാഹചര്യം, ഇവിടെ തുടരേണ്ടതിന്റെ ആവശ്യകത, രോഗപ്രതിരോധ നടപടികള്‍ തുടങ്ങിയവയെക്കുറിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണം സജീവമായി മുന്നോട്ടുകൊണ്ടുപോവണം.

കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്തി സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തില്‍ സജീവമാക്കണം- അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it