Top

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്നുപേര്‍ എറണാകുളം, രണ്ടുപേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, ഒരാള്‍ കോഴിക്കോട് എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. രോഗം ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആണ്. 12 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്നുപേര്‍ എറണാകുളം, രണ്ടുപേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, ഒരാള്‍ കോഴിക്കോട് എന്നിങ്ങനെയാണ്. ഇവരില്‍ നാലുപേര്‍ ദുബായില്‍നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍. ഒരാള്‍ ഫ്രാന്‍സില്‍നിന്ന്. മൂന്ന് പേർക്ക് രോഗം വന്നത് കോണ്‍ടാക്ട് വഴിയാണ്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ടുപേര്‍ രോഗം ഭേദപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്തു.

ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,465 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നു വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചതാണ്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി മുതല്‍ രാജ്യത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമാകുന്നു എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ സംസ്ഥാനത്താകെ അതിശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ മാത്രം പോര- ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യം വേണ്ട സാഹചര്യങ്ങള്‍ ഭദ്രമാക്കുക എറ്റവും പ്രധാനപ്പെട്ടതാണ്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ എടുത്തു.

കലക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും വീഡിയോ കോണ്‍ഫറന്‍സു വഴി ഇന്ന് സംസാരിച്ചു. വീടുകളില്‍ കഴിയുക എന്നത് പ്രധാനം. സാധാരണയില്‍ കവിഞ്ഞ ഇടപെടല്‍ വേണ്ടിവരും. റോഡുകളും പൊതുസ്ഥലങ്ങളും ആളില്ലാത്ത ഇടമായി മാറണം. നാടാകെ നിശ്ചലമാകുക, എല്ലാവരും വീട്ടില്‍ കഴിയുക എന്നത് പ്രാവര്‍ത്തികമാകണമെങ്കില്‍ കടുത്ത നടപടികളിലൂടെ മാത്രമേ സാധിക്കു. അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പോലിസാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡോ പാസ്സോ ഇല്ലാത്ത ഏതൊരാളോടും എന്തിനാണ് പുറത്തിറങ്ങിയതെന്ന് അന്വേഷിക്കണം.

ന്യായമായ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ന്യായമായ കാര്യം ഒരു സുഹൃത്തിനെ സന്ദര്‍ശിക്കലല്ല. ഒരു വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് പോകലല്ല, സാധാരണ ഗതിയില്‍ ഒരു സുഖവിവരം അന്വേഷിച്ചുപോകലല്ല. ആ പതിവെല്ലാം തെറ്റുകയാണ്. മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവ വാങ്ങാന്‍ നിശ്ചിത സമയത്ത് പുറത്തുപോകാം. ഏതെങ്കിലും ഒരു രോഗിയ പരിചരിക്കാന്‍ പോകാം. ഇങ്ങനെ അനുവദിച്ച കാര്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാന്‍ പാടുള്ളു.

ജില്ലാ പോലിസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് പ്രശ്നങ്ങളില്‍ ഇടപെടണം. ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ കലക്ടറും ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും നല്ല ധാരണയോടെ കൈകാര്യം ചെയ്യണം. പ്രളയകാലത്ത് നാം പറഞ്ഞത് വീടുകളില്‍നിന്ന് പുറത്തുകടക്കാനാണ്. അന്ന് ആ നിര്‍ദേശം ലംഘിച്ചവര്‍ പലരും പ്രയാസത്തില്‍പ്പെട്ടു. ഇന്ന് പറയുന്നത് വീടുകളില്‍ അകത്തു കഴിയാനാണ്. അത് പാലിക്കണം. പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പല തരത്തിലാണെന്ന് ഓര്‍ക്കണം.

ഭക്ഷണം, മരുന്ന്, രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരുടെയെല്ലാം പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടും. എല്ലാവരുടെയും പ്രശ്നങ്ങള്‍ ഒറ്റകേന്ദ്രത്തില്‍ നിന്ന് പരിഹരിക്കാന്‍ കഴിയില്ല. അതിവിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് ഒരുക്കുന്നത്. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉണ്ടാകും. സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ്തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിനനുസൃതമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത് എന്ന് ഓര്‍ക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പഞ്ചായത്ത്/നഗരസഭ അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കണക്ക് എടുക്കും. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഇക്കാര്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും. പാചകക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതത് സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അങ്ങനെ പോകുന്ന പ്രവര്‍ത്തകര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരിക്കണം.

പലരും പട്ടിണി കിടക്കാന്‍ ഇടവരുന്ന സാഹചര്യമാണ് ഉള്ളത്. ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കാന്‍ ഇടവരരുത്. ചില ദുരഭിമാനികള്‍ നേരിട്ട് പറഞ്ഞില്ല എന്നു വരും. എന്നാല്‍, ടെലഫോണ്‍ നമ്പര്‍ കൊടുത്താല്‍ വിളിച്ചുപറയും. സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താല്‍ ഇവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരും. അതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്.

രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. ഹൃദ്രോഗികള്‍, കിഡ്നി രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പുവരുത്തേണ്ടതാണ്. പാചകതൊഴിലാളികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കണം. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗമാണ് എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍, പത്രവിതരണക്കാര്‍, പാല്‍വിതരണം ചെയ്യുന്നവര്‍ എന്നിവര്‍. ഇവര്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും.

അത്യാവശ്യ സര്‍വീസുകള്‍ നടത്താനായി യാത്ര ചെയ്യുന്നവര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഇല്ലെങ്കില്‍, ജില്ലാ ഭരണസംവിധാനം താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സംവിധാനമുണ്ടാക്കണം. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമയ്ക്ക് ഇവര്‍ക്കായി തിരിച്ചറിയല്‍ രേഖ നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം.

കുട്ടനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊയ്ത്ത് സമയമാണ്. കൊയ്ത്ത് നടന്നില്ലെങ്കില്‍ വലിയ നാശമുണ്ടാകും. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമല്ലാതാകും. അതിനാല്‍ ഇത് അവശ്യ സര്‍വീസായി കണ്ട് നടപടി സ്വീകരിക്കും. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് സംഭരിക്കാന്‍ നടപടിയെടുക്കും. കൊയ്ത്തു സ്ഥലത്തു നിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും ആവശ്യമായ ഇളവ് നല്‍കും. പ്രാദേശികമായി നെല്ല് സംഭരിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

നിലവില്‍ ഉള്ളിടത്ത് എല്ലാവരും കഴിയണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാവും. എന്നാല്‍, അതിര്‍ത്തിയിലെത്തി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നം ഉണ്ട്. അവരെ നാട്ടിലേക്ക് കൊണ്ടുവന്ന് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണത്തില്‍ താമസിപ്പിക്കാനാണ് ശ്രമിക്കുന്നത്.

വിദേശത്തുനിന്നും രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വരുന്നവര്‍ക്ക് സ്വന്തമായി തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ സൗകര്യമൊരുക്കി. വയോജനങ്ങള്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

വനം വകുപ്പിനെ അവശ്യ സര്‍വീസായി കണക്കാക്കി. പ്രാദേശികമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍, നാണ്യവിളകള്‍ എന്നിവ ശേഖരിച്ച് വെക്കാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രായോഗിക നടപടിക്ക് രൂപം നല്‍കണം.

ഇന്നത്തെ യോഗ തീരുമാനങ്ങൾ

1. കോവിഡ് കെയര്‍ സെന്‍ററുകള്‍ക്ക് പൊതു മാനദണ്ഡം നിശ്ചയിക്കും.

2. അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കും. ഇന്നലെ കര്‍ദിനാല്‍ മാര്‍ ആലഞ്ചേരി കത്തോലിക്കാ സഭയുടെ എല്ലാ ആശുപത്രികളും ഇതിനുവേണ്ടി ഉപയോഗിക്കാനുള്ള സന്നദ്ധത. അറിയിച്ചിട്ടുണ്ട്.

3. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 27 മുതല്‍ നല്‍കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1069 കോടി, വെല്‍ഫെയര്‍ ബോര്‍ഡ് വഴി 149 കോടി. ആകെ 54 ലക്ഷം പേര്‍ക്ക് പ്രയോജനം.

4. ആയിരം ഭക്ഷണശാലകള്‍ തുടങ്ങുന്നത് അതിവേഗമാക്കും. ഹോം ഡെലിവറി വ്യാപകമാക്കാന്‍ നിര്‍ദേശം.

5. രോഗികളുമായി ആശുപത്രികളിലേക്കു പോകുന്ന സ്വകാര്യ വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്താല്‍ മതി എന്ന നിബന്ധന ഫലപ്രദമല്ല. എടുത്തുകൊണ്ടുപോകേണ്ട ഒരാളുമായി ആശുപത്രിയിലേക്കു പോയ വാഹനത്തില്‍ രോഗിക്കു പുറമെ രണ്ടുപേര്‍ ഉണ്ടായത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് പറഞ്ഞ് തടയുന്ന സ്ഥിതി ഇന്നുണ്ടായി. അത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. സന്ദര്‍ഭത്തിനനുസരിച്ചുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

6. പ്രാഥമിക/കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന സ്ഥിരം മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കും.

7. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അത് ത്വരിതപ്പെടുത്തും.

8. മൈസൂര്‍, ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പച്ചക്കറി തടസ്സമില്ലാതെ കൊണ്ടുവരാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. വീട്ടിലിരിക്കുന്ന സമയമായതിനാല്‍ വീടുകളില്‍ പച്ചക്കറി വളര്‍ത്താന്‍ സമയം കണ്ടെത്തുന്നത് നന്നാകും.

9. അങ്കണവാടി ഭക്ഷ്യധാന്യ വിതരണം, ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം എന്നിവ തൃപ്തികരമായി നടക്കുന്നു.

10. ട്രാന്‍സ്ജെന്‍റേഴ്സിന് പ്രത്യേക പാര്‍പ്പിട സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കും.

11. ഹോര്‍ട്ടികോര്‍പ്പിനെ അവശ്യ സര്‍വീസാക്കും.

12. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്ക വേണ്ടതില്ല. എഫ്സിഐ അവരുടെ 25 ഗോഡൗണില്‍ എട്ടുമാസത്തേക്കുള്ള സ്റ്റോക്കുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. അരിയുടെ കൂടെ പലവ്യഞ്ജനങ്ങളും കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ സംഭരിക്കുന്നതിന് സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ശ്രമിക്കുന്നതോടൊപ്പം നാട്ടിലെ വന്‍കിട വ്യാപാരികളുടെ സഹകരണവും സര്‍ക്കാര്‍ തേടും.

13. പഞ്ചായത്തുകള്‍ കൂടി അവശ്യ സര്‍വീസാക്കി ഉത്തരവിറക്കും.

14. സിനിമാ മേഖല വാഹനങ്ങള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു.

ഇന്ന് സംസ്ഥാനത്താകെ പൊലീസ് കര്‍ശനമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഫലപ്രദമായിട്ടുമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു തന്നെയാണ് പൊലീസ് ഇടപെടുന്നത്.

ചിലയിടങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. സുരക്ഷിത അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരിശോധനകളും അത്തരത്തിലാവണം. പൊലീസ് നടപടിയില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. അത് സഹിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇടപെടണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ഒരു ടാക്സി ഡ്രൈവറുണ്ട്. എറണാകുളം ജില്ലയിലെ ഒരാള്‍ക്ക് രോഗം വന്നത് ഫ്രാന്‍സില്‍ നിന്നുള്ള ഒരു കൊറോണ ബാധിതനൊപ്പം സഞ്ചരിച്ചതിന്‍റെ ഫലമായിട്ടാണ്. അതിനര്‍ത്ഥം കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ നീങ്ങേണ്ടതുണ്ട് എന്നു തന്നെയാണ്. അപകടമേഖലയില്‍ തന്നെയാണ് നാം നില്‍ക്കുന്നത്. സാമൂഹ്യവ്യാപനം എന്ന അവസ്ഥയില്‍ എത്തിയിട്ടില്ല. അതിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലുമാണ് നാം എടുക്കുന്നത്.

എന്നാല്‍, അത് വരാനുള്ള സാധ്യത വാള്‍ പോലെ തൂങ്ങിക്കിടക്കുന്നുണ്ട്. ആ വാള്‍ കേരളത്തിന്‍റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കാനുള്ള ചുമതല നിര്‍വഹിക്കേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന ഇന്നാട്ടിലെ ഓരോരുത്തരുമാണ്. അത് കുറ്റമറ്റ രീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും വരും തലമുറയോടും നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റലാണ്. അതുകൊണ്ട് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു; എല്ലാവരും വീട്ടില്‍ കഴിയുക.

Next Story

RELATED STORIES

Share it