Kerala

കൊവിഡിനെ ചെറുക്കാന്‍ ജനകീയ പ്രതിരോധം ആവശ്യമെന്ന് മുഖ്യമന്ത്രി

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം.

കൊവിഡിനെ ചെറുക്കാന്‍ ജനകീയ പ്രതിരോധം ആവശ്യമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡിനെ ചെറുക്കാന്‍ ജനകീയപ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. രോഗം വ്യാപിക്കുമ്പോഴും ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്. രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും.

റിവേഴ്‌സ് ക്വാറന്റീന്‍ വേണ്ടവര്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലാതെയുണ്ട്. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്‌മെന്റ് പെട്ടെന്ന് നടത്തും.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും. രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.

സംസ്ഥാനത്ത് കൊവിഡ് ഉയർത്തുന്ന ഭീഷണി ശക്തമാവുകയാണ്. നമ്മളിത് വരെ പിന്തുടർന്ന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണം. കേരളം ഇത് വരെ സ്വീകരിച്ച മാതൃക ഫലപ്രദമാണ്. ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവ‍ർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് നാല് സങ്കേതങ്ങൾ ഉപയോഗിച്ചാണ്. ഒന്ന് മരണനിരക്ക്, രണ്ട് രോഗവ്യാപനം, മൂന്ന് ടെസ്റ്റിംഗ്, നാല് രോഗമുക്തി. കേരളത്തിലെ മരണനിരക്ക് പരിശോധിച്ചാൽ നമ്മുടെ പ്രവ‍ർത്തനങ്ങൾ മെച്ചപ്പെട്ടതാണെന്ന് മനസ്സിലാകും. നൂറ് കേസുകളിൽ എത്ര മരണമുണ്ടായി എന്ന കണക്ക് ലോകശരാശരി 4. 38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനമാണ്. കർണാടകയിലേത് 1.77 ശതമാനമാണ്. തമിഴ്നാട്ടിൽ 1.42 ശതമാനം. മഹാരാഷ്ട്രയിൽ 4.16 ശതമാനം. കേരളത്തിന്‍റെ മരണനിരക്ക് .39 ശതമാനമാണ്.

ഒരു ദിവസത്തിൽ എത്ര മരണങ്ങൾ എന്നതും പരിശോധിക്കാം. ജൂലൈ 12-ലെ കണക്ക് പ്രകാരം കർണാടകയിൽ മരിച്ചത് 71 പേരാണ്. തമിഴ്നാട്ടിൽ 68 പേ‍ർ മരിച്ചു. മഹാരാഷ്ട്രയിൽ 173 പേർ മരിച്ചു. കേരളത്തിൽ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്. പത്ത് ലക്ഷത്തിൽ എത്ര പേർ മരിച്ചു എന്നത് നോക്കിയാൽ കേരളത്തിൽ അത് .9 ആണ്. ഇന്ത്യയിൽ 17.1 ആണ് ഡെത്ത് പെർ മില്യൺ. കർണാടകയിൽ 11.3, തമിഴ്നാട്ടിൽ 27.2, മഹാരാഷ്ട്രയിൽ 94.2.

വളരെ മികച്ച രീതിയിൽ കൊവിഡ് മരണം തടയാനായി. ഇത് എന്തെങ്കിലും മേൻമ തെളിയിക്കാനല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളുണ്ട്. ടെസ്റ്റുകൾ വേണ്ടത്രയില്ല എന്നതാണ് ഒരു പരാതി. പല തവണ ഇതിന് മറുപടി തന്നതാണ്. ടെസ്റ്റിന്‍റെ എണ്ണം കൂട്ടണം. ടെസ്റ്റ് പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ എന്നിവ വച്ചാണ്. നൂറ് ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര പോസിറ്റീവ് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിന് ടെസ്റ്റ് നടത്തുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിരിക്കും.

രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ ആവശ്യമായ രീതിയിൽ ടെസ്റ്റ് നടത്താതിരിക്കുമ്പോഴാണ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തെ തന്നെ മികച്ചതാണ്. നിലവിൽ 2.27 ശതമാനമാണിത്. അൽപനാൾ മുമ്പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു ഇത്. എന്നാൽ ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റീവ് റേറ്റ് 7.46 ശതമാനമാണ്.

കർണാടകയിൽ 4.53, തമിഴ്നാട്ടിൽ 8.57, മഹാരാഷ്ട്ര 19.25, തെലങ്കാനയിൽ 20.6 എന്നിങ്ങനെയാണിത്. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നു എന്നതിന്‍റെ സൂചനയാണ് ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ. 50-ന് മുകളിൽ ഇത് സൂക്ഷിക്കുന്നതാണ് അഭികാമ്യം. കേരളത്തിന്‍റെ ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ ഇപ്പോൾ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിന് ഇവിടെ മിനിമം 44 ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പ് വരെ നമുക്കത് 50-ന് മുകളിൽ നിർത്താൻ കഴിഞ്ഞിരുന്നു. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ടെസ്റ്റുകൾ കൂട്ടും.

Next Story

RELATED STORIES

Share it