Kerala

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19; കാസര്‍ഗോഡ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1,69,129 പേരാണ്. വീടുകളില്‍ 1,62,471 പേരുണ്ട്.

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19; കാസര്‍ഗോഡ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുവീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1,69,129 പേരാണ്. വീടുകളില്‍ 1,62,471 പേരുണ്ട്. ആശുപത്രികളില്‍ 658 പേര്‍ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,485 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ സാംപിളുകള്‍ എടുക്കുന്നു. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാനാവുമന്നാണ് കണക്കുകൂട്ടുന്നത്.

രോഗബാധിതര്‍ കൂടുതലുള്ള കാസര്‍ഗോഡ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഇന്ന് 163 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ടോക്കണ്‍ അടിസ്ഥാനത്തിലാവും വിതരണം ചെയ്യുക. റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ അടിസ്ഥാനത്തില്‍ വിതരണം ക്രമീകരിക്കും. പൂജ്യം, ഒന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ വിതരണമാണ് നാളെ നടക്കുക. 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകളുടെ വിതരണം ഏപ്രില്‍ രണ്ടിന് നടക്കും. 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളുടേത് ഏപ്രില്‍ മൂന്നിനും 6, 7 അക്കങ്ങളില്‍ അവസാനിക്കുന്നതിന്റെ വിതരണം ഏപ്രില്‍ നാലിനും 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളുടെ റേഷന്‍ വിതരണം ഏപ്രില്‍ ഏപ്രില്‍ അഞ്ചിനും നടക്കും.

നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കും. റേഷന്‍സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. അഞ്ചുപേര്‍ മാത്രമായിരിക്കും ഒരേസമയം റേഷന്‍കടകളിലുണ്ടാവുക. അഭൂതപൂര്‍വമായ തിരക്ക് ഒഴിവാക്കി ശാരീരിക അകലം പാലിക്കുകയും വേണം. റേഷന്‍വിതരണത്തിന്റെ കാര്യത്തില്‍ അന്ത്യോദയ അന്നപൂര്‍ണ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക അവശതകളുള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരുടെ വീടുകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ റേഷന്‍ എത്തിക്കണം. ഇങ്ങനെ റേഷന്‍ വിതരണം ചെയ്യുമ്പോള്‍ സുതാര്യതയും സത്യസന്ധതയും പാലക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it