Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി

ഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി
X

മലപ്പുറം: കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തരസാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. ഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

നിരോധനാജ്ഞ: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

2. സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാംപുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, വിനോദസഞ്ചാരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.

3. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ ഒന്നിലധികം പാടില്ല.

4. ടൂര്‍ണമെന്റുകള്‍, മല്‍സരങ്ങള്‍, വ്യായാമകേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതിന് നിരോധനം.

5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉല്‍സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നതിനും നിരോധനം.

6. ഹാര്‍ബറുകളിലെ മല്‍സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മല്‍സ്യവില്‍പ്പന നടത്തേണ്ടതാണ്. മല്‍സ്യവില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ചുപേരില്‍ കൂടുതല്‍ ഒരേസമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടാന്‍ പാടില്ല.

7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്തുണ്ടാവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫിസിലും പോലിസ് സ്റ്റേഷനിലും അറിയിക്കണം. ചടങ്ങുകള്‍ വീട്ടില്‍തന്നെ നടത്താന്‍ ശ്രമിക്കേണ്ടതാണ്.

9. 'ബ്രെയ്ക് ദ ചെയിന്‍' ഉറപ്പുവരുത്തുന്നതിനായി എല്ലാ വ്യാപാരസ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശനകവാടത്തില്‍ സജ്ജീകരിക്കണം.

10. വന്‍കിട ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരുമീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യസാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

Next Story

RELATED STORIES

Share it