Top

പുല്ലുവിളയില്‍ പ്രതിഷേധം അതിര് കടന്നു; കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ ആക്രമണം

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയില്‍ കര്‍ശനനിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ജനം തെരുവിലിറങ്ങുന്നത്.

പുല്ലുവിളയില്‍ പ്രതിഷേധം അതിര് കടന്നു;  കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ ആക്രമണം
X

വിഴിഞ്ഞം: സമൂഹ വ്യാപനം കണ്ടെത്തിയ പുല്ലുവിളക്കാരുടെ പ്രതിഷേധം അതിര് കടന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്കാലിക ആശുപത്രിക്ക് നേരെ ആക്രമണം. വോളന്റിയര്‍മാരെ മര്‍ദ്ദിച്ച സംഘം രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന മുറികളില്‍ മാസ്‌ക് പോലും ധരിക്കാതെ കയറിയിറങ്ങി ഭീഷണി മുഴക്കി. രോഗവ്യാപനം കണ്ടെത്താന്‍ നടത്തിക്കൊണ്ടിരുന്ന ആന്റീജന്‍ ടെസ്റ്റ് തടസപ്പെടുത്തി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പധികൃതരെ വെല്ലുവിളിച്ച പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയ പോലിസിനെയും തടഞ്ഞുവച്ചു.

കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തി, രോഗവ്യാപനത്തിന് ശ്രമം നടത്തിയതുള്‍പ്പെടെയുള്ള ചൂണ്ടിക്കാട്ടി കാഞ്ഞിരംകുളം പോലിസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയില്ല.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയില്‍ കര്‍ശനനിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ജനം തെരുവിലിറങ്ങുന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ സ്ത്രികളും കുട്ടികളും പുരുഷന്‍മാരുമുള്‍പ്പെട്ട 250 പേര്‍ വരുന്ന സംഘം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മുന്നറിയിപ്പില്ലാതെ രംഗത്തിറങ്ങിയത്. പുല്ലുവിള ജംഗഷനില്‍ കൂട്ടം കൂടിയവര്‍ തൊട്ടടുത്ത് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ തിരിഞ്ഞു.ഈ സമയം തീരദേശത്തെകരിംകുളം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 110 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടായിരുന്നു. സ്‌കൂളിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നവര്‍ ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷക്കായി നിയോഗിക്കപ്പെട്ട ആറോളം വോളന്റിയര്‍മാരെ ആക്രമിച്ച് മര്‍ദ്ദിച്ചു.അതിന് ശേഷം രോഗികളുടെ മുറികളില്‍ കയറി പുല്ലുവിളക്കാര്‍ അല്ലാത്തവര്‍ ആശുപത്രി വിട്ട് പോകണമെന്ന ആവശ്യമുന്നയിച്ചു ഭീഷണി മുഴക്കിയതായി അധികൃതര്‍ പറയുന്നു. തടയാനെത്തിയ മുന്‍ പഞ്ചായത്തംഗത്തെയും മര്‍ദ്ദിച്ച് അവശനാക്കി. രോഗിയായിരുന്ന ഇയാള്‍ തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ ഇവിടത്തെ ആശുപത്രി വിട്ടതായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും റോഡില്‍ തടഞ്ഞു. പോലിസിന്റെയും ആരോഗ്യ വകുപ്പധികൃതരുടെയും ജനപ്രതിനിധികളുടെയും ഉപദേശങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ചെവികൊടുക്കാത്ത പ്രതിഷേധക്കാര്‍ പ്രദേശികവാദമുന്നയിച്ച് മണിക്കൂറുകളോളം തെരുവില്‍ നിലയുറച്ചു. രോഗനിര്‍ണയത്തിനായുള്ള ആന്റീജന്‍ പരിശോധനക്ക് പോലും സഹകരിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.രോഗ വ്യാപനംസമൂഹ വ്യാപനത്തിലേക്ക് വഴിമാറിയ പുല്ലുവിളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനത്തെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നതിനിടയിലാണ് എല്ലാം തകിടം മറിച്ചുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ഇത് രോഗികളുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു.തീരദേശത്തെവിവിധയിടങ്ങളില്‍ നിന്നുള്ള 55 പേരില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെയും ഏഴു പേരെ പോസിറ്റീവായി കണ്ടെത്തിയിരുന്നു.

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അംഗികരിക്കാത്ത ജനം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ചയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഡിഷണല്‍ തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി, കാഞ്ഞിരംകുളം സിഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ഇന്നലെ രാവിലെ പൂവാറില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാമെന്നും പത്താം തിയതി മുതല്‍ മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങാം എന്നിങ്ങനെയുള്ള ഇളവുകള്‍ അനുവദിച്ചു.കൂടാതെ പുതിയതുറയിലെ ബാരിക്കേഡ് പരണിയത്തിലേക്കും, പുല്ലുവിളയിലേത് കാഞ്ഞിരംകുളം കോളജ് റോഡിന് സമീപത്തേക്കും മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി.ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷമാണ് വീണ്ടും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി അധികൃതരെ ഞെട്ടിച്ചത്.

Next Story

RELATED STORIES

Share it