Kerala

കൊവിഡ്-19 : അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവയുടെ വിതരണം വിവിധ സംഘടനകള്‍ സ്വന്തം നിലയ്ക്ക് നടത്താതെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഞ്ചാര അനുമതികള്‍ നല്‍കുന്നത് അനുവദിക്കില്ല. ജനപ്രതിനിധികള്‍ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നല്‍കിയിട്ടുള്ള ഇത്തരം പാസ്സുകള്‍ വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി

കൊവിഡ്-19 : അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്് ഡൗണ്‍ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവയുടെ വിതരണം വിവിധ സംഘടനകള്‍ സ്വന്തം നിലയ്ക്ക് നടത്താതെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഞ്ചാര അനുമതികള്‍ നല്‍കുന്നത് അനുവദിക്കില്ല. ജനപ്രതിനിധികള്‍ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നല്‍കിയിട്ടുള്ള ഇത്തരം പാസ്സുകള്‍ വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

ഇത്തരം അനുമതികള്‍ക്ക് നിയമസാധുതയില്ല. 48 മണിക്കൂറിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ ലഭിച്ച അനുമതികളുമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ലോക് ഡൗണ്‍ കാലത്ത് സഞ്ചാര അനുമതിക്കായുള്ള പാസ്സുകള്‍ കലക്ട്രേറ്റില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.കൊച്ചി നഗരത്തിലെ അടക്കം വിവിധ ഇടങ്ങളിലെ കാനനിര്‍മ്മാണം പോലുള്ള മഴക്കാല പൂര്‍വ്വ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള ആലോചനാ യോഗം ചേരാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.

അതിഥിസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാന്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഒരുക്കും. തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും നിര്‍ദ്ദേശങ്ങളിലും തുടര്‍ നടപടികള്‍ ഉറപ്പാക്കുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജി പൂങ്കുഴലി, സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, അസി. കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it