Kerala

ആരും പട്ടിണി കിടക്കരുത്; സജീവമായി മലപ്പുറത്തെ സാമൂഹിക അടുക്കളകള്‍

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 104 കേന്ദ്രങ്ങളിലാണ് സാമൂഹിക അടുക്കളകള്‍ തുറന്നത്.

ആരും പട്ടിണി കിടക്കരുത്;  സജീവമായി മലപ്പുറത്തെ സാമൂഹിക അടുക്കളകള്‍
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടാതിരിക്കാന്‍ മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ (കമ്മ്യൂണിറ്റി കിച്ചന്‍) സജീവമായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 104 കേന്ദ്രങ്ങളിലാണ് സാമൂഹിക അടുക്കളകള്‍ തുറന്നത്. കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫിസ്, അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പഞ്ചായത്ത് തലങ്ങള്‍ക്കൊപ്പം ജില്ലാ തലത്തിലും സാമൂഹിക അടുക്കള സജ്ജമായി. ഇതിന് പുറമെ ഐസൊലേഷന്‍ വാര്‍ഡുകളുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് ഹൗസ്, സമീപത്തെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാമൂഹിക അടുക്കളകള്‍ ഒരുക്കിയിട്ടുണ്ട്.

നിലമ്പൂര്‍, കോട്ടക്കല്‍ നഗരസഭാപരിധിയില്‍ വിപുലമായ സംവിധാനം ഉടന്‍ തുടങ്ങും. ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നീ വിഭവങ്ങള്‍ 20 രൂപയുടെ ഭക്ഷണപൊതിയിലുണ്ടാകും. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് മാത്രം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണപൊതികള്‍ നേരിട്ടെത്തിക്കും. മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ കുടുംബശ്രീ ഓഫീസിലെത്തി ഭക്ഷണപൊതി കൈപ്പറ്റാം.

അതേസമയം ഐസലോഷേന്‍ വാര്‍ഡുകളില്‍ നാല് നേരവും പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത്, നഗരസഭാ തലത്തിലുള്ള സാമൂഹിക അടുക്കളകളില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ട്രോമ കെയര്‍ അടക്കമുള്ള സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ മുഖേനയാണ് ആവശ്യക്കാരിലേക്കെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി കെ ഹേമലത പറഞ്ഞു.

ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും ജനകീയമായി ധനസമാഹരണം നടത്തിയും അതിഥി തൊഴിലാളികള്‍ക്കും വയോധികര്‍ക്കും ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും സാമ്പത്തികമായി അവശത അനുഭവിക്കുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വേങ്ങരയില്‍ കഴിഞ്ഞ ദിവസം സാമൂഹിക അടുക്കള മുഖേന നാനൂറ് പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു. എല്ലായിടങ്ങളിലും ഭക്ഷണം പാകം ചെയ്യാന്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it