Kerala

103 വയസുകാരന് കൊവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളജ്

ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികില്‍സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

103 വയസുകാരന് കൊവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളജ്
X

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കൊവിഡ് മുക്തി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103ാം വയസില്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികില്‍സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കൊവിഡില്‍നിന്നും പരീദിന്റെ രോഗമുക്തി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികില്‍സാമികവിന്റെയും അര്‍പ്പണബോധത്തിന്റെയും നേട്ടമാണ്. ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കൊവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള വൃദ്ധദമ്പതികളെ നേരത്തെ ചികില്‍സിച്ച് ഭേദമാക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച് 20 ദിവസംകൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികില്‍സ ഉറപ്പാക്കിയത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി സതീഷ്, വൈസ് പ്രിന്‍സിപ്പലും കൊവിഡ് നോഡല്‍ ഓഫിസര്‍റുമായ ഡോ. ഫത്തഹുദീന്‍, സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായര്‍, ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രഫസര്‍മാരായ ഡോ. ജേക്കബ്, ഡോ. റെനി മോള്‍, ഡോ. ജോ ജോസഫ്, റേഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. അഭിലാഷ്, മൈക്രോ ബയോളജി വിഭാഗം എച്ച്ഒഡി ഡോ. ലാന്‍സി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോര്‍ജ് എന്നിവരുടെ സംഘം ദിവസേന പരീദിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.

നഴ്സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍, കെ ഡി മേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീദിന് പരിചരണം നല്‍കിയത്. കേരളത്തില്‍ കൊവിഡ് മുക്തനാവുന്ന ഏറ്റവും പ്രായംകൂടിയവരില്‍ ഒരാളാണ് പരീദ്. ആയിരത്തിലേറെ പേരെ കൊവിഡ് മുക്തരാക്കുന്നതില്‍ വിജയംകണ്ട കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്നും രോഗമുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായംകൂടിയ രോഗിയാണ് പരീദ്. അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റായിരുന്നു എങ്കിലും നെഗറ്റീവായിരുന്നതിനാല്‍ മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it