Kerala

കൊറോണ: കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

കൊറോണ: കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
X
തിരുവനന്തപുരം: കൊവിഡ് 19നെ തുരത്തുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, പൂര്‍ണമായും സജീവമാകേണ്ട മെഡിക്കല്‍ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കാന്‍സര്‍ രോഗികള്‍ കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫമൈഡ്, രോഗ ശമനത്തിനുപയോഗിക്കുന്ന താലിഡോമൈഡ്, ഇമാടിനിബ്, ആര്‍ബിടെറോണ്‍ തുടങ്ങിയ മരുന്നുകളും, അവയവ മാറ്റല്‍ സംബന്ധമായി ഉപയോഗിക്കുന്ന, മൈകോഫിനോലേറ്റ്, സൈക്ലോസ്‌പോറിന്‍, ടാക്രോലിമസ് തുടങ്ങിയ മരുന്നുകളും സംസ്ഥാനത്തത്തുന്നത് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ്. ഇമ്മ്യുണോ സപ്രസന്റായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകള്‍ കേരളത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത് കിഡ്‌നി മാറ്റിവച്ച രോഗികളാണ്.

കേരളത്തിലുള്ള വിതരണത്തിന് ഇത്തരം മരുന്നുകള്‍ ലഭിക്കുന്നത് പൂനെ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലുള്ള കമ്പനികളില്‍ നിന്നാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തണം. പൊതു ഗതാഗതം മുടങ്ങിയതോടു കൂടി സര്‍ക്കാര്‍ ആശുപത്രി, സ്വകാര്യ ആശുപത്രി, ഫാര്‍മസികള്‍, ലബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പകുതിയോ അതില്‍ കുറവോ സ്റ്റാഫുകളാണ് ജോലിക്കെത്തുന്നത്. സ്വകാര്യ മേഖലയില്‍ പല ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്. മെഡിക്കല്‍ മേഖലയില്‍ സമയ പരിധി പറഞ്ഞിട്ടില്ലെങ്കിലും ജീവനക്കാരുടെ അപര്യാപ്തത മൂലം മുഴുസമയം പ്രവര്‍ത്തിക്കാന്‍ സാധ്യമാവുന്നില്ല. അധിക ചുമതല നിര്‍വഹിക്കുകയും രോഗികളുമായി നിരന്തര സമ്പര്‍ക്കം നടത്തുകയും ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവസ്ഥയും മാസികാവസ്ഥയും പരിഗണിക്കണം. മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനായി കെ എസ് ആര്‍ ടി സി സര്‍വീസ് ഉപയോഗിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.




Next Story

RELATED STORIES

Share it