Kerala

ഹെലികോപ്റ്റര്‍ കരാറില്‍ വിവാദം: കുറഞ്ഞതുക പറഞ്ഞ കമ്പനിയെ ഒഴിവാക്കിയെന്ന് പരാതി

സംസ്ഥാന സര്‍ക്കാറിനു വേണ്ടി കേരള പോലിസാണ് പവന്‍ഹന്‍സുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്.

ഹെലികോപ്റ്റര്‍ കരാറില്‍ വിവാദം: കുറഞ്ഞതുക പറഞ്ഞ കമ്പനിയെ ഒഴിവാക്കിയെന്ന് പരാതി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കല്‍ കരാറില്‍ അഴിമതിയും അട്ടിമറിയും നടന്നെന്ന് സംശയം. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് മറ്റൊരു കമ്പനിയായ ചിപ്സൺ ഏവിയേഷന്‍ പരാതി നല്‍കി.

പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയര്‍ന്ന തുകയ്ക്കാണെന്ന് കാണിച്ചാണ് കരാര്‍ സംബന്ധിച്ച് സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പവന്‍ഹന്‍സ് കമ്പനിയുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെയാണ് പരാതി.

സംസ്ഥാന സര്‍ക്കാറിനു വേണ്ടി കേരള പോലിസാണ് പവന്‍ഹന്‍സുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ നല്‍കേണ്ടത് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ് .

5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ പ്രതിമാസം 37 ലക്ഷം രൂപക്കും 6 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സിംഗിള്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ 19 ലക്ഷം രൂപക്കും വാടക്ക് നല്‍കാമെന്നായിരുന്നു ചിപ്‌സണ്‍ വാഗ്ദാനം ചെയ്തതിരുന്നത്. ഇത് മറികടന്നാണ് പവന്‍ഹന്‍സുമായി കരാര്‍ ഉണ്ടാക്കുന്നത്.

11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവന്‍ഹന്‍സ് വാടകക്ക് നല്‍കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചയില്‍ ഒരിക്കലും 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ് ചിപ്‌സണ്‍ ഏവിയേഷന്റെ വാദം. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വേണമെന്ന് ശ്രീവാസ്തവ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച തുടര്‍ന്നില്ല. എന്നാല്‍ ഇപ്പോള്‍ ധാരണയിലെത്തിയ പവന്‍ഹന്‍സ് ഹെലികോപ്റ്ററിലും ഈ ഉപകരണങ്ങള്‍ ഇല്ലെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it