Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് ബിജെപിയില്‍ കൂട്ടരാജി

ശ്രീകാര്യം വാര്‍ഡിലെ 58, 59 എന്നീ ബൂത്തുകളിലെ 70 ഓളം പ്രവര്‍ത്തകരാണ് രാജിക്കത്ത് കൈമാറിയത്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോര്‍ച്ചയിലെ സുനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് ബിജെപിയില്‍ കൂട്ടരാജി
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നേതൃത്വത്തിന് തലവേദനയായി ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി.


ശ്രീകാര്യം വാര്‍ഡിലെ 58, 59 എന്നീ ബൂത്തുകളിലെ 70 ഓളം പ്രവര്‍ത്തകരാണ് രാജിക്കത്ത് കൈമാറിയത്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോര്‍ച്ചയിലെ സുനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ പ്രതിഷേധസൂചകമായി പ്രദേശത്ത് ബിജെപിയുടെ പേരില്‍ ബുക്ക് ചെയ്ത മതിലുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു. രാജിക്കത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചപ്പോഴാണ് പല നേതാക്കളും വിവരമറിഞ്ഞത്.

എന്നാല്‍, രാജിവച്ചെന്ന് പറയുന്ന ആരുംതന്നെ ബിജെപി പ്രവര്‍ത്തകരല്ലെന്നും രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ എസ് രാജീവ് പറയുന്നത്. ചില വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരേ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നല്‍കുമെന്നും ആര്‍ എസ് രാജീവ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചപ്പോള്‍ മുതല്‍ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു, തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ എന്നിവര്‍ ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നു. വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ബിന്ദു അറിയിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവുമാണ് രാധാകൃഷ്ണന്‍ രാജിവച്ചത്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായി അവഗണിച്ചെന്നായിരുന്നു രാധാകൃഷ്ണന്റെ പരാതി. നേരത്തെ പാലക്കാട് ആലത്തൂരിലും ബിജെപിയില്‍നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it