Kerala

കരാറുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രേരണാകുറ്റം ചുമത്തി

ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി മൂന്നംഗസമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു

കരാറുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രേരണാകുറ്റം ചുമത്തി
X

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. വഞ്ചനാക്കുറ്റത്തിനു റിമാന്റില്‍ കഴിയുന്ന ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സി ഡി സ്‌കറിയ, ജെ സെബാസ്റ്റ്യന്‍, മുസ് ലിംലീഗ് പ്രവര്‍ത്തകന്‍ വി പി അബ്ദുല്‍ സലീം എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയത്. ഇവരെ തളിപ്പറമ്പ് ഡിവൈഎസ്പിയും സംഘവും മൂന്നുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കെപിസിസി മുന്‍ അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ചെയര്‍മാനായ ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് 30 ലക്ഷം രൂപ തിരിമറി നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. കോണ്‍ഗ്രസ് മുന്‍ വൈസ് ചെയര്‍മാന്‍ ജെയിംസ് പന്തംമാക്കലാണു പരാതിക്കാരന്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനായി രണ്ടര ഏക്കര്‍ സ്ഥലം എടുത്തത് അവിടെ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി. ആകെ എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്.

ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി മൂന്നംഗസമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ഇവര്‍ ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കാതെ വഞ്ചിച്ചതാണ് പിതാവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസഫിന്റെ മകന്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചിരുന്നു.



Next Story

RELATED STORIES

Share it