Kerala

ആത്മഹത്യ ചെയ്ത കരാറുകാരന്റെ കുടുംബത്തിന് കോണ്‍ഗ്രസ് 60 ലക്ഷം നല്‍കി

ആത്മഹത്യ ചെയ്ത കരാറുകാരന്റെ കുടുംബത്തിന് കോണ്‍ഗ്രസ് 60 ലക്ഷം നല്‍കി
X

കണ്ണൂര്‍: കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് കുടിശ്ശിക നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോസഫിന്റെ കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിക്കും. പുതിയ ഫ്‌ളാറ്റും ഭാര്യയ്ക്കു ജോലിയും മകന്റെ ചികില്‍സയ്ക്കു 10 ലക്ഷം രൂപയും നല്‍കും. ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടാനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിക്കാന്‍ ധാരണയായി. അത് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസ്സമുള്ളൂ. ചെറുപുഴയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹികള്‍ കൂടി അംഗങ്ങളായ പാട്ണര്‍ഷിപ്പ് സ്ഥാപനമായ ചെറുപുഴ ഡവലപ്പേഴ്‌സ് ജോസഫിന് നല്‍കാനുള്ള സാമ്പത്തി ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനനുസരിച്ചുള്ള തുക തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. അത് ഉടന്‍ തന്നെ പൂര്‍ണമായും കുടുംബത്തിന് നല്‍കും. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നേതൃത്വത്തില്‍ ഈ വിഷയത്തില്‍ പ്രശ്‌നം അറിഞ്ഞ സമയം മുതല്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന് ഇത്തരത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിച്ച് നീതി ലഭ്യമാക്കാനാവശ്യമായ നടപടികളും ഇടപെടലുകളും വളരെ വേഗം പൂര്‍ത്തിയാക്കാനായത്.

നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ജോസഫിന്റെ വിയോഗം മൂലം ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസസൗകര്യത്തിനും ആവശ്യമായ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിനുള്ള ഫ്‌ളാറ്റ് കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ ചെയ്ത് കൊടുത്തു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഡിസിസി പ്രസിഡന്റും മറ്റ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും തുടര്‍ന്ന് കെ സുധാകരന്‍ എംപിയും പിന്നീട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വീട് സന്ദര്‍ശിക്കുകയും കുടുംബത്തോടൊപ്പം നിന്ന് എല്ലാ പ്രശ്‌നങ്ങളിലും കൂടെയുണ്ടാവുമെന്നും സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുകയും പൂര്‍ണമായും കുടുംബാംഗങ്ങളുടെ താല്‍പ്യത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാക്കിയിട്ടുണ്ട്. ജോസഫിന്റെ അസുഖബാധിതനായ ഇളയ മകന്റെ ചികില്‍സയ്ക്കു വേണ്ടി ഡിസിസിയും കെപിസിസിയും 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയും ഉടന്‍ കുടുംബത്തിനു കൈമാറും. ജോസഫേട്ടന്റെ ഭാര്യക്ക് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

Next Story

RELATED STORIES

Share it