Kerala

ആശയക്കുഴപ്പം വിതക്കുന്ന കോൺ​ഗ്രസ് ഗ്രൂപ്പ് ലോബികൾ

കോൺഗ്രസിൽ താഴെ തട്ടിലുള്ള പ്രവർത്തനമല്ല, ഗ്രൂപ്പാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ലോബി അവസരം പ്രയോജനപ്പെടുത്താൻ ഡിസിസി, ബ്ലോക്ക് പ്രസിഡന്റ് പുനസംഘടനയാണ് വേദിയാക്കിയത്‌.

ആശയക്കുഴപ്പം വിതക്കുന്ന കോൺ​ഗ്രസ് ഗ്രൂപ്പ് ലോബികൾ
X

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: എൽഡിഎഫിൻ്റെ തുടർ ഭരണത്തെ തുടർന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഷ്ട്രീയം കോൺഗ്രസിൻ്റെ തകർച്ചയും, യുഡിഎഫിൻ്റെ ശൈഥില്യവുമായിരുന്നു. ബിജെപിയിലേക്കുള്ള ഒഴുക്കും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കമാൻ്റിൻ്റെ യുക്തിപൂർവ്വമായ രാഷ്ട്രീയ തീരുമാനം കൂടുതൽ തകർച്ചയിൽ നിന്നും കോൺഗ്രസിനെ താങ്ങി നിർത്തുന്ന നീക്കമായി മാറി. വി ഡി സതീശൻ പ്രതിപക്ഷ നേതാവും, കെ സുധാകരൻ കെപിസിസി പ്രസിഡന്റുമായ കോമ്പിനേഷൻ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശം നൽകി. തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ മുറിവുകൾ ഉണക്കി കോൺഗ്രസ് സജ്ജമാവുന്നുവെന്ന തോന്നൽ ഉയരാൻ അതിടയാക്കി.

പുതിയ ഡിസിസി പ്രസിഡന്റുമാരെയും, കെപിസിസി ഭാരവാഹികളെയും നിയമിച്ച് കെ സുധാകരൻ - വി ഡി സതീശൻ അച്ചുതണ്ട് തങ്ങളുടെ ആദ്യ റൗണ്ട് മികച്ച രീതിയിൽ പിന്നിട്ടിരുന്നു. സിയുസികൾ പ്രവർത്തകരിൽ വലിയ ആവേശമാണ് നിറച്ചത്. വർഷങ്ങളായി കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിച്ച ഗ്രൂപ്പുകൾ പലപ്പോഴും പരാതികൾ പറയാൻ പോലും ആത്മവിശ്വാസമില്ലാതെ കാഴ്ചക്കാരായി മാറി. പക്ഷെ അവർ വെറുതെയിരുന്നില്ല.

കോൺഗ്രസിൽ താഴെ തട്ടിലുള്ള പ്രവർത്തനമല്ല, ഗ്രൂപ്പാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ലോബി അവസരം പ്രയോജനപ്പെടുത്താൻ ഡിസിസി, ബ്ലോക്ക് പ്രസിഡന്റ് പുനസംഘടനയാണ് വേദിയാക്കിയത്‌. ഇതോടെ കെ സുധാകരൻ - വി ഡി സതീശൻ കൂട്ടുകെട്ട് തകരാനിടയാക്കുന്ന പ്രതിബന്ധങ്ങളും, വാർത്തകളും തല പൊക്കി തുടങ്ങി. ഗ്രൂപ്പുള്ളവരെയും, ഇല്ലാത്തവരെയും ഉൾക്കൊള്ളുക, മെറിറ്റിന് മുൻതൂക്കം നൽകുക, എണ്ണം കുറച്ച് സമയബന്ധിതമായി പുനസംഘടന പൂർത്തിയാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും പുതിയ നേതൃത്വം അകലുന്നുവെന്ന തോന്നലുണ്ടാക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞു.

കെ സുധാകരൻ്റെ ഉറച്ച അനുയായികളെന്ന പേരിൽ കെപിസിസി ഭാരവാഹികളായവരിൽ ചിലർക്കെങ്കിലും ശൈലി മാറ്റത്തെക്കാൾ പഥ്യം മുൻ ഗ്രൂപ്പ് മേധാവികളുടെ താൽപര്യങ്ങളായിരുന്നു. കെപിസിസി പ്രസിഡന്റും, പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്ന പ്രചാരവേലകൾ അതോടെ ലോബികൾക്ക് എളുപ്പമായി. കെ സുധാകരനെ മുൻ നിർത്തി ഡിസിസി പട്ടികയിൽ പരമാവധി സ്വന്തക്കാരെ കുത്തി നിറക്കാനുള്ള ഭാരവാഹികളുടെ നീക്കമാണ് പുതിയ പ്രതിസന്ധി തീർക്കുന്നത്. ഈ പേരുകളിൽ പലതും അപ്രധാനവും, പഴയ ഗ്രൂപ്പ് മാനേജർമാർക്ക് വേണ്ടിയുള്ളതാണെന്നും എംപിമാരടക്കമുള്ളവർ പരാതിപ്പെടുന്നു.

ഡിസിസി പ്രസിഡന്റ് - കെപിസിസി ഭാരവാഹി നിയമനങ്ങളിലും, പുതിയ പുനസംഘടനയിലും സ്വന്തം നിലയിൽ പേരുകൾ ഉയർത്തുന്ന സമീപനം വി ഡി സതീശൻ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെയും, കെപിസിസി പ്രസിഡന്റിനെയും കരുവാക്കി പേരുകളയുർത്തുന്നത് തങ്ങൾ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയ ശൈലിയോട് ചെയ്യുന്ന അനീതിയാണെന്നാണ് സതീശൻ്റെ നിലപാട്. കെ സുധാകരനും അതിനോട് യോജിപ്പാണ്. ചരിത്രത്തില്ലാത്ത വണ്ണം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാർട്ടിയെയും, മുന്നണിയെയും രക്ഷിക്കാൻ ചുമതലപ്പെട്ടവർ എന്ന നിലയിൽ ഒരേ മനസ്സോടെ പോകാൻ ഉറച്ച തീരുമാനമെടുത്ത ഇരുവരും പ്രതിസന്ധികളെ അനായാസം മറികടക്കുമെന്ന് ഹൈക്കമാൻ്റ് ശുഭാപ്തി പ്രകടിപ്പിക്കുന്നു.

Next Story

RELATED STORIES

Share it