Kerala

സാമ്പത്തിക പ്രതിസന്ധിയുണ്ട്; എന്നിട്ടും ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതി

ആശ്രിത നിയമനങ്ങള്‍ 5%ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് കോടതി വിധി നിലവിലുള്ളപ്പോള്‍ ഇടതു സര്‍ക്കാര്‍ പരിധിയില്ലാതെ ആശ്രിത നിയമനങ്ങള്‍ നല്‍കി. ഇതു സംബന്ധിച്ച് 26 കേസുകളാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും ഉള്ളത്.

സാമ്പത്തിക പ്രതിസന്ധിയുണ്ട്; എന്നിട്ടും ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതി
X

താല്‍ക്കാലികരുടെ ഭാഗ്യം തെളിയുന്നത് എങ്ങനെയാണെന്ന് നോക്കാന്‍ വനം വകുപ്പ് വാച്ചര്‍ നിയമനം നോക്കിയാല്‍ മതി. വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായി നിയമിക്കപ്പെട്ട 35 പേരെ സ്ഥിരപ്പെടുത്താന്‍ 2019 നവംബറില്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചവരുടെ കൂട്ടത്തില്‍ 17ാം വയസ്സില്‍ താല്‍ക്കാലിക ജീവനക്കാരനായി നിയമനം കിട്ടിയ വ്യക്തിയുമുണ്ടായിരുന്നു. പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായം പോലും 18 ആണെന്നിരിക്കെയാണ് 17ാം വയസ്സില്‍ താല്‍ക്കാലിക നിയമനം നല്‍കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത്. ഇതിനുപുറമേ, 2351 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നു. മെയിന്‍, സപ്ലിമെന്ററി റാങ്ക് പട്ടികയിലായി 257 പേര്‍ നിയമനം കാത്തുനില്‍ക്കുമ്പോഴാണ് ഇവരുടെ തലയ്ക്കു മുകളിലൂടെ ആയിരക്കണക്കിനു താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീങ്ങുന്നത്.

ഇത്തരത്തില്‍ പിഎസ്‌സി നിയമനങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ പറയുന്നത് വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള പുകമറ മാത്രമാണെന്നാണ് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍സ് (ഫെറ) വിശദീകരിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ആശ്രിത നിയമനങ്ങള്‍ 5%ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് കോടതി വിധി നിലവിലുള്ളപ്പോള്‍ ഇടതു സര്‍ക്കാര്‍ പരിധിയില്ലാതെ ആശ്രിത നിയമനങ്ങള്‍ നല്‍കി. ഇതു സംബന്ധിച്ച് 26 കേസുകളാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും ഉള്ളത്.

ഓരോ വകുപ്പിലെയും ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന വ്യവസ്ഥ പൊതുമരാമത്തു വകുപ്പ് മാത്രമാണ് നടപ്പാക്കിയത്. ഒഴിവുകള്‍ പൂഴ്ത്തുന്നതിനാല്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്കു നിയമനം ലഭിക്കുന്നില്ല. നിയമനങ്ങള്‍ക്ക് സ്‌പെഷല്‍ റൂള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ നീണ്ട നിര മുഖ്യമന്ത്രി തന്നെ പറയുന്നു. ഇവിടെയെല്ലാം താല്‍ക്കാലിക, പിന്‍വാതില്‍ നിയമനങ്ങളാണു നടക്കുന്നത്. ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന കാര്യമാണ് ആറോ ഏഴോ വര്‍ഷങ്ങള്‍ എടുത്തിട്ടും നടപ്പാക്കാത്തത്. ഇതു താല്‍പര്യക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

ഹ്രസ്വകാലത്തേക്കു നടത്തിയ കരാര്‍ നിയമനങ്ങള്‍ പോലും വര്‍ഷങ്ങളോളം നീളുന്നു. സ്ഥിരം നിയമനത്തിനു സാമ്പത്തിക സ്ഥിതി തടസമായി ചൂണ്ടിക്കാട്ടുമ്പോള്‍ പാര്‍ട്ടിക്കു വേണ്ടപ്പെട്ട താല്‍ക്കാലികക്കാര്‍ക്കു ശമ്പളം വാരിക്കോരി കൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഏറ്റവും ഒടുവില്‍ പാര്‍ട്ടി യൂണിയന്‍ ശുപാര്‍ശ ചെയ്ത പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് 8500 രൂപയാണ് കൂട്ടിക്കൊടുത്തത്.

നിയമനശുപാര്‍ശകളെ നിയമനമെന്ന രീതിയില്‍ കൊട്ടിഘോഷിക്കരുത്. പലരും ഒന്നിലധികം റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടിരിക്കും. നിരവധി നിയമന ശുപാര്‍ശകള്‍ ലഭിച്ചാലും ഒരു ജോലിയിലേ പ്രവേശിക്കൂ. അപ്പോള്‍ നിയമന ശുപാര്‍ശകളുടെ എണ്ണം യഥാര്‍ഥ നിയമനത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും. ഇതു കാണിച്ച് 4 വര്‍ഷം കൊണ്ട് 1,33,132 പേര്‍ക്കു നിയമനം നല്‍കിയെന്നു പറയരുത്. താല്‍ക്കാലിക നിയമനം പാടില്ലെന്ന സുപ്രീംകോടതി വിധി തൊഴില്‍ മേഖലയില്‍ അവസര സമത്വമാണ് ചൂണ്ടിക്കാണിക്കുന്നത്. യോഗ്യതയുള്ള എല്ലാവര്‍ക്കും വിവേചനം കാണിക്കാതെ അവസരം നല്‍കണമെന്നാണ് നിര്‍ദേശിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും വലിയ വിരമിക്കല്‍ നടന്ന 2019ലെയും 2020ലെയും ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിയില്‍ എത്തിയിരുന്നെങ്കില്‍ ഒട്ടുമിക്ക റാങ്ക്പട്ടികയില്‍ ഉള്ളവര്‍ക്കും ജോലി ലഭിക്കുമായിരുന്നു. അതിനു പകരം കരാര്‍ നിയമനങ്ങളുടെ പ്രസക്തിയെക്കുറിച്ച് അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

കരാര്‍-താല്‍ക്കാലിക നിയമനങ്ങള്‍ക്കൊപ്പം, പൊതുഖജനാവിനു വന്‍ബാധ്യത വരുത്തുന്ന ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതിയാണ്. പഞ്ചായത്തുതോറും ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിച്ചതു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. കമ്പ്യൂട്ടര്‍ തകരാര്‍ പരിഹരിക്കുകയാണു ജോലി. ഇവരില്‍ പലര്‍ക്കും മതിയായ യോഗ്യതയില്ലെന്നും ആരോപണമുണ്ട്. ഭരണം മാറിയപ്പോള്‍ ഇവര്‍ യൂണിയന്‍ മാറി, സിഐടിയുവില്‍ ചേര്‍ന്നു. തുടര്‍ന്ന്, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനെക്കണ്ട് നിവേദനം നല്‍കിയതോടെ വേതനത്തില്‍ 9,000 രൂപ വര്‍ധിപ്പിച്ചു. ഇതിനുള്ള ഫണ്ട് സര്‍ക്കാരല്ല നല്‍കുന്നതെന്നാണു ന്യായീകരണം. എന്നാല്‍, പഞ്ചായത്തുകളുടെ വരുമാനത്തില്‍നിന്നും തനത് ഫണ്ടില്‍നിന്നും ഈ ബാധ്യത വഹിക്കുമ്പോള്‍ പൊതുജനത്തിനുതന്നെയാണു ഭാരം. പഞ്ചായത്തിലെ ഹെഡ്ക്ലര്‍ക്കിനെക്കാള്‍ ഉയര്‍ന്ന വേതനമാണ് ഈ കരാര്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നത്. പഞ്ചായത്തു വകുപ്പില്‍ താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ശമ്പളം 21,850 രൂപയില്‍നിന്നു 30,385 രൂപയായി വര്‍ധിപ്പിച്ചു. കിഫ്ബിയില്‍ 116 സാങ്കേതികവിദഗ്ധരെ കരാര്‍വ്യവസ്ഥയില്‍ നിയമിച്ചു. സാക്ഷരതാമിഷനില്‍ കരാര്‍ വ്യവസ്ഥയിലുള്ള പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കും ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കാള്‍ വേതനം. ഗ്രന്ഥശാലാസംഘത്തില്‍ 47 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. സി-ഡിറ്റില്‍ 51 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഡിജിറ്റലൈസേഷന്റെ പേരില്‍ 130 താല്‍ക്കാലിക നിയമനം. ഈ നിയമനങ്ങളെല്ലാം പി എസ് സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താമെന്നിരിക്കേയാണു പാര്‍ട്ടിക്കാരെയും സഹയാത്രികരെയും തിരുകിക്കയറ്റിയത്.

സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു തുല്യമായ ശമ്പളമാണു സാക്ഷരതാ മിഷനിലെ സി പി എം സഹയാത്രികരായ താല്‍ക്കാലിക ജീവനക്കാര്‍ക്കു നല്‍കുന്നത്. ഇവര്‍ക്കായി മൂന്നുവര്‍ഷത്തിനിടെ ഖജനാവില്‍നിന്നു ചെലവഴിച്ചത് എട്ടുകോടിയിലേറെ രൂപയാണ്. താല്‍ക്കാലിക ജീവനക്കാരായ 14 ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ പ്രതിമാസം വാങ്ങുന്നതു 42,305 രൂപ വീതം. 36 അസി. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കു 34,605 രൂപ വീതം. ഇവരെല്ലാം സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു തുല്യമായ തസ്തികയിലാണെന്നു ധനവകുപ്പ് ന്യായീകരിക്കുന്നു. സ്ഥിരം 'തസ്തികയ്ക്കു തുല്യമായ കരാര്‍ ജോലികള്‍ ഏതൊക്കെയെന്ന് 2016-ല്‍ സര്‍ക്കാരിറക്കിയ ഉത്തരവില്‍ സാക്ഷരതാ കോര്‍ഡിനേറ്റര്‍മാരോ അസി. കോര്‍ഡിനേറ്റര്‍മാരോ ഉള്‍പ്പെട്ടിട്ടില്ല. കിഫ്ബിയുടെ സാങ്കേതിക വിഭവകേന്ദ്രത്തിലേക്കാണു 113 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. പ്രതിമാസം 30,000-80,000 രൂപയാണു വേതനം. എന്‍ജിനീയറിങ് ബിരുദധാരികളെയാണു പരിഗണിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയറിങ് ബിരുദധാരികളെ നോക്കുകുത്തിയാക്കിയാണ് ഈ പുറംവാതില്‍ നിയമനം.

നാളെ: തുടര്‍ക്കഥയാവുന്ന മന്ത്രിമാരുടെ സ്വജന പക്ഷപാതം

Next Story

RELATED STORIES

Share it