Kerala

പൗരന്‍മാരുടെ വ്യക്തിഗത വിവരശേഖരണം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് പോലിസ്

പോലിസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ മനസ്സിലാക്കുകയാണ് എം ബീറ്റ് അഥവാ മൊബൈല്‍ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പൗരന്‍മാരുടെ വ്യക്തിഗത വിവരശേഖരണം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് പോലിസ്
X

തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലിസ് നടപ്പാക്കുന്ന മൊബൈല്‍ ബീറ്റ് (എം ബീറ്റ്) സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി വ്യാപകമായി ദുഷ്പ്രചരണം നടത്തുകയാണെന്ന് പോലിസിന്റെ വിശദീകരണം. എം ബീറ്റിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുപ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫിസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോലിസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ മനസ്സിലാക്കുകയാണ് എം ബീറ്റ് അഥവാ മൊബൈല്‍ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കുന്നതല്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തി താമസിച്ച് തീവ്രവാദം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വളരെ വേഗം കണ്ടെത്തുന്നതിനും വിവരശേഖരണം സഹായിക്കും.

പൊതുസമൂഹത്തിന്റെ നന്‍മയ്ക്കായി ആവിഷ്‌കരിക്കുന്ന ഇത്തരം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങളുണ്ടാവണം. കേരളാ പോലിസ് ആക്ടിലെ 64, 65 വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി. ഇതിന്റെ ഭാഗമായി പോലിസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ജനമൈത്രി ബീറ്റ്. പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിശ്ചിതശതമാനം വീടുകള്‍ അടങ്ങിയ പ്രദേശം ഒരു യൂനിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥര്‍ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാന്‍ ശ്രമിക്കും.

ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫിസര്‍ക്ക് സുപരിചിതമായിരിക്കും. മുന്‍കാലങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഏരിയയില്‍ സൂക്ഷിച്ചിട്ടുള്ള ബീറ്റ് ബുക്ക്, പട്ട ബുക്ക് എന്നിവയില്‍ സന്ദര്‍ശനവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനമൈത്രി സംവിധാനം കൂടുതല്‍ കാര്യക്ഷമമായപ്പോള്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിന് എം ബീറ്റ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. ബീറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ വീടുകള്‍, പൊതു, സ്വകാര്യസ്ഥാപനങ്ങള്‍, ട്രൈബല്‍ കോളനികള്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അവരുടെ പേര്, വിലാസം, തൊഴില്‍, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ വിവരങ്ങള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, സംസ്ഥാനത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ജോലിയുള്ളവരുടെ വിവരങ്ങള്‍ എന്നിവയാണ് ഡിജിറ്റലായി ശേഖരിക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്ത് കൂടുതല്‍ കൃത്യമായ നിയമപരിപാലനവും സംരക്ഷണവും സേവനവും പൊതുജനത്തിന് നല്‍കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങള്‍, പ്രത്യേകശ്രദ്ധ ആവശ്യമുള്ള വൃദ്ധര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു. ഈ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് തന്റെ പരിധിയിലുള്ള ഏതൊരു വിലാസവും ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് കണ്ടുപിടിക്കാനും ആവശ്യമായ സേവനങ്ങളും സഹായങ്ങളുമെത്തിക്കാനും കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ പോലിസിന് നേരിട്ട് സംഭവസ്ഥലത്ത് വളരെ പെട്ടെന്നുതന്നെ എത്തിച്ചേരുന്നതിനും അയല്‍വാസിയെ വിവരം അറിയിക്കുന്നതിനും ഈ സംവിധാനം വഴിയുള്ള വിവരശേഖരണം വഴി സാധിക്കും.

ബീറ്റിലുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ലൊക്കേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വളരെ കൃത്യമായി മനസ്സിലാക്കാനാവും. അതിനാല്‍, ഏറ്റവും അടുത്തുള്ള പോലിസ് ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തേയ്ക്ക് അയയ്ക്കാനും കഴിയും. പോലിസ് പട്രോളിങ് വാഹനങ്ങളുടെ ലൈവ് ട്രാക്കിങ് സിസ്റ്റം കൂടി ഈ സംവിധാനത്തോടൊപ്പം ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ കാര്യക്ഷമമായ പോലിസ് സംവിധാനവും നടക്കും. കൊവിഡ് വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ എം ബീറ്റ് പദ്ധതിയിലൂടെ ജനമൈത്രി പോലിസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്.

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പൂര്‍ണമായ വിവരം ശേഖരിച്ച് അവരെ ലേബര്‍ ക്യാംപുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനും ഭക്ഷണവും മറ്റു സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കാനും സ്വന്തം സംസ്ഥാനത്തേയ്ക്ക് മടക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും എം ബീറ്റ് വഴിയുള്ള വിവര ശേഖരണം മുഖേന കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ലഭ്യമല്ലാതിരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ എത്തിക്കുന്നതിനും എം ബീറ്റ് മുഖേന ലഭ്യമാക്കിയ വിവരങ്ങള്‍ ഉപയോഗിക്കുകയുണ്ടായി.

ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരുടെയും സന്മനസ്സുള്ള മറ്റുള്ളവരുടെയും സഹായത്തോടെ കേരളത്തിലങ്ങോളമിങ്ങോളം ഭവനരഹിതര്‍ക്ക് 45 വീടുകള്‍ നിര്‍മിച്ചുനല്‍കിയതും കൊവിഡ് കാലത്ത് 18,246 രോഗികളെ ആശുപത്രിയിലെത്തിക്കാനും ഗുരുതരമായ രോഗം ബാധിച്ച 12,327 പേര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കാനും കഴിഞ്ഞതും എം ബീറ്റ് പദ്ധതിയിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it