Kerala

കേരളത്തില്‍ എത്ര കയര്‍ ഉല്‍പാദിപ്പിച്ചാലും സര്‍ക്കാര്‍ സംഭരിക്കും: മുഖ്യമന്ത്രി

പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണവും ആധുനികീകരണം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവല്‍ക്കരണമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുക. പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കും

കേരളത്തില്‍ എത്ര കയര്‍ ഉല്‍പാദിപ്പിച്ചാലും സര്‍ക്കാര്‍ സംഭരിക്കും: മുഖ്യമന്ത്രി
X

ആലപ്പുഴ: ആഭ്യന്തരമായി എത്ര കയര്‍ ഉല്‍പ്പാദിപ്പിച്ചാലും സംസ്ഥാന സര്‍ക്കാര്‍ അതു സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള 2021 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണവും ആധുനികീകരണം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവല്‍ക്കരണമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുക. പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കും. ഈ സര്‍ക്കാരിന്റെ കാലയളവില്‍ കയര്‍തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വരുമാനം ഇരട്ടിയായി. 585 കയര്‍സംഘങ്ങളില്‍ 385 എണ്ണം പ്രവര്‍ത്തനലാഭത്തിലായി. കയര്‍ മേഖല ഉല്‍പാദന വര്‍ധനവിന്റെ പാതയിലാണ്.

രണ്ടാം കയര്‍ പുനസംഘടന കയറിന്റെ പ്രൗഢി തിരിച്ചുകൊണ്ടുവന്നു. കയര്‍ കേരള കയര്‍ കൊവിഡിന് ശേഷമുള്ള കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമാകും. നാനൂറോളം ഉപഭോക്താക്കള്‍ കയര്‍കേരള ഫെസ്റ്റില്‍ പങ്കെടുക്കുന്നു. അതില്‍ നൂറുപേര്‍ വിദേശത്തുനിന്നുള്ളവരാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. കയര്‍ഫെഡിന്റെ കയര്‍ സംഭരണ കണക്കുകള്‍ തന്നെ ഈ വ്യവസായത്തിന് ഉണ്ടായ വളര്‍ച്ച വ്യക്തമാക്കുന്നു. കയര്‍ ഉല്‍പാദനം എഴുപതിനായിരം ക്വിന്റലില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷത്തിലേക്ക് വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം നാല് ലക്ഷം ക്വിന്റലിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചകിരി 42 ശതമാനത്തോളം ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെ കണ്ടെത്താനാവുക എന്നത് വലിയ കാര്യമാണ്. 157 പുതിയ ചകിരി മില്ലുകള്‍ സ്ഥാപിച്ചു. കയര്‍ വ്യവസായം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും വന്‍ സാധ്യതകള്‍ തുറക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎംജിഎസ്‌വൈ റോഡുകളുടെ നിര്‍മാണത്തിന് 10 ശതമാനം ജിയോടെക്സ്റ്റയില്‍സ് ഉപയോഗിക്കുന്നത് കയറിന് വലിയ വിപണിയൊരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

പിഎംജിഎസ്‌വൈ റോഡ് നിര്‍മാണത്തിന് 10 ശതമാനം കയര്‍ ഉല്‍പന്നം ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്. റോഡ് സംരക്ഷണത്തിനായി കയര്‍ ഉല്‍പന്നം നല്‍കുന്നതിനൊപ്പം ഇവ സ്ഥാപിക്കുന്ന സാങ്കേതികവിജ്ഞാനവും നമ്മള്‍ നല്‍കണം. കയര്‍മേഖലയ്ക്കൊപ്പം സാങ്കേതികജ്ഞാനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആഭ്യന്തരവിപണിയില്‍ വലിയ അവസരം ഇതിലൂടെ ഒരുങ്ങും. തൊഴിലുറപ്പു പദ്ധതിയിലൂടെ കുളങ്ങള്‍, തോടുകള്‍, ബണ്ടുകള്‍ എന്നിവ ബലപ്പെടുത്തുന്നതിന് ജിയോ ടെക്സ്റ്റൈല്‍സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് കയര്‍ ജിയോ ടെക്സ്റ്റയില്‍സിന് 120 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു.

കയര്‍ മേളയിലൂടെ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനം സബ്സിഡി നല്‍കുന്നു. ചകിരിയുല്‍പാദനത്തിനായി 400 പുതിയ മില്ലുകള്‍ സ്ഥാപിക്കും. കയര്‍മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വാര്‍ഷിക വരുമാനം 2015-16ല്‍ 13,000 രൂപയായിരുന്നെങ്കില്‍ ഇന്നത് 60,000-70,000 രൂപയായി ഉയര്‍ത്താനായി. ഭാവിയില്‍ വരുമാനം ഒരു ലക്ഷമായി മാറും. വരുമാനം വര്‍ധിച്ചത് യുവാക്കളെടയക്കം ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഉത്പന്ന വൈവിധ്യവത്കരണവും യന്ത്രവത്കൃത ഫാക്ടറികളും കയര്‍വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പവലിയന്റെ ഉദ്ഘാടനം അഡ്വ. എ എം ആരിഫ് എംപി. നിര്‍വഹിച്ചു. കയര്‍ അപ്പക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ഫെബ്രുവരി 21 വരെ നടക്കുന്ന കയര്‍കേരളയില്‍ 200 ല്‍ പരം വെര്‍ച്വല്‍ സ്റ്റാളുകളാണുള്ളത്.

Next Story

RELATED STORIES

Share it