Kerala

അവിനാശിയിലെ ബസപകടം: അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും

അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.

അവിനാശിയിലെ ബസപകടം: അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും
X

തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിലെ ബസപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും. കെഎസ്ആർടിസി ബസിലെ യാത്രക്കാരായ 19 പേരാണ് അപകടത്തിൽ മരിച്ചത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടർന്ന് ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാ റിപ്പോര്‍ട്ട്. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവർക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ ഈറോഡ് പോലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന ഇയാളുടെ വാദം മോട്ടോര്‍ വാഹനവകുപ്പ് തള്ളിയിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് ഹേമരാജ് സമ്മതിച്ചത്. അതേസമയം, വിശദമായ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.

Next Story

RELATED STORIES

Share it