Kerala

ഉപതിരഞ്ഞെടുപ്പ്: കൽപിത കഥകളുമായി ഇറങ്ങുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പിന് അതിന്റേതായ രാഷ്ട്രീയ പ്രധാന്യം എപ്പോഴുമുണ്ട്. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ജനങ്ങൾ കൂടുതലായി എൽ.ഡി.എഫിനെ പിന്തുണക്കുന്നതായി കാണാനാവും.

ഉപതിരഞ്ഞെടുപ്പ്: കൽപിത കഥകളുമായി ഇറങ്ങുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി
X

കോന്നി: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില കള്ളവിദ്യയുമായി യുഡിഎഫും ചില കേന്ദ്രങ്ങളും രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളക്കഥകളും കള്ളപ്രവചനങ്ങളുമായി ഇക്കുട്ടർ ഇറങ്ങി തിരിച്ചിട്ടുണ്ട്. കൽപിത കഥകളുമായി ഇറങ്ങി തിരിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ എല്ലാ മേഖലകളിലും നമ്പർ വണ്ണായി നിൽക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗമാവാൻ കോന്നി ഉപതിരഞ്ഞെടുപ്പിൽ കെ.യു ജനീഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് അതിന്റേതായ രാഷ്ട്രീയ പ്രധാന്യം എപ്പോഴുമുണ്ട്. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ജനങ്ങൾ കൂടുതലായി എൽ.ഡി.എഫിനെ പിന്തുണക്കുന്നതായി കാണാനാവും. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വലിയരീതിയിൽ വോട്ടു വർധനയുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു.

വേങ്ങര, ചെങ്ങന്നൂർ, പാലാ ഉപതിരഞ്ഞെടുപ്പുകളിൽ ഇക്കാര്യം പ്രകടമായതാണ്. പാലായിൽ വലിയ വീമ്പുപറച്ചിലാണ് യു.ഡി.എഫ് നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അരനൂറ്റാണ്ടായി യു.ഡി.എഫ് കൈവശം വച്ചിരുന്ന സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. ഇവിടെ ബി.ജെ.പിയുടെ 20 ശതമാനം വോട്ട് 14 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എല്ലാ മേഖലയിലും നിരാശയായിരുന്നു ഫലം. എന്നാൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ നിരാശ മാറി പ്രത്യാശ ഉടലെടുത്തു. ഇതോടെ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം ചേരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

തിരഞ്ഞെടുപ്പ് വേളകളിൽ ബോധപൂർവമായ കുപ്രചാരണങ്ങൾ നടത്താൻ ചിലർ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇത് കണ്ടതാണ്. ബോധപൂർവം കൽപിത കഥകളുണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് ജയിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ശബരിമലയുടെ പേരിൽ ചില ഡാഷ് കഥകൾ മെനഞ്ഞുണ്ടാക്കി. ഇനിയും ഇത്തരം കൽപിത കഥകൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷി നേതാക്കളായ സി. ദിവാകരൻ എം.എൽ.എ, ആന്റണി രാജു, മാത്യു ടി. തോമസ്, എ.പി ജയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Next Story

RELATED STORIES

Share it