Kerala

വിദേശ മലയാളികളുടെ ആശങ്കയകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം: മുഖ്യമന്ത്രി

കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു.

വിദേശ മലയാളികളുടെ ആശങ്കയകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് വിദേശ മലയാളികൾക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു. കാർഗോ വിമാനത്തിൽ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ല.

ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ പലപ്പോഴും ഒരു മുറിയിൽ ഒന്നിലേറെപ്പേരുമായി താമസിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല.

രോഗബാധിതരെ പാർപ്പിക്കുന്ന ക്വാറൻ്റയിൻസെൻ്ററിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളോ മെഡിക്കൽ പരിരക്ഷയോ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.വിദേശത്ത് ക്വാറൻ്റയിനിൽ കഴിയുന്ന മലയാളികൾക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ചികിത്സാ സഹായവും ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഇന്ത്യൻ മിഷനിൽ നിഷിപ്തമായ ഇന്ത്യൻ കമ്യൂണിറ്റിവെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും നിലവിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും ആശങ്കയിലാണ്. ആരോഗ്യരംഗത്തെ മുന്നണി പ്രവർത്തകരായ നഴ്സുമാർക്ക് വേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അതത് വിദേശ രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള നിർദ്ദേശം നൽകണം. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ അംബാസിഡർമാർ വഴി കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇത് വിദേശ മലയാളി സമൂഹത്തിന് ഏറെ ആശ്വാസം നല്കുമെന്നും കേന്ദ്ര മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it