Kerala

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്എല്‍ബിസി അംഗബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്പക്ക് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൃഷിക്കാര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്എല്‍ബിസി അംഗബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്പക്ക് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചത്.അടിയന്തരമായി എസ്എല്‍ബിസിയുടെ ഔപചാരിക യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തില്‍ എസ്എല്‍ബിസിയും സര്‍ക്കാരും ഈ കാര്യങ്ങള്‍ ആര്‍.ബി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തും.യോഗത്തില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍ കുട്ടി എന്നിവരും പങ്കെടുത്തു.കൃഷിക്കാരുടെ പ്രയാസം മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരുന്ന സമീപനം ബാങ്കുകളില്‍ നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതു വായ്പയും കൃഷിക്കാര്‍ തിരിച്ചടയ്ക്കുന്നത് കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുമായി ബാങ്കുകള്‍ പൂര്‍ണമായി സഹകരിക്കണം. മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്തിയോ മറ്റു നടപടികളോ പാടില്ല. ഈ തീരുമാനം ലംഘിക്കാന്‍ ഒരു ബാങ്കിനെയും അനുവദിക്കരുത്. നിലവിലുള്ള കുടിശ്ശികയുടെ പേരില്‍ പുതിയ വായ്പ കൊടുക്കാതിരുന്നാല്‍ പുതിയ കൃഷി ഇറക്കാന്‍ പറ്റില്ല. പുതിയ കൃഷി സാധ്യമാക്കാനാണ് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുന്നത്. പലിശ ഒമ്പതു ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it