Kerala

മുല്ലപ്പള്ളി കേരളത്തെ അപകീർത്തിപ്പെടുത്തി; സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരെചൊവ്വേ പറയാൻ സാധിക്കുന്നില്ല.

മുല്ലപ്പള്ളി കേരളത്തെ അപകീർത്തിപ്പെടുത്തി; സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല -മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ഷൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനേയും മുഖ്യമന്ത്രി വിമർശിച്ചു.

കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട ചില സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന അധിക്ഷേപങ്ങൾ എന്തൊക്കെയാണ്. എന്താണ് ഇതിനുള്ള പ്രകോപനമെന്നും മുഖ്യമന്ത്രി ചോദിച്ചു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവർത്തിച്ചത്.

സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരെചൊവ്വേ പറയാൻ സാധിക്കുന്നില്ല. കേരളത്തെ കുറിച്ച് ലോകം നല്ലതുപറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നുവെങ്കിൽ എത്രമാത്രം അധപതിച്ച മനസ്സായിരിക്കണം അദ്ദേഹത്തിന്റേത്. നല്ലത് നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുവെന്നാണ് നോക്കേണ്ടത്. പല കാര്യങ്ങളിലും നമ്മുടെ കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ് അപ്പോഴാണ് ഒരു പൊതുപ്രവർത്തകൻ എങ്ങനെയാവരുത് എന്നതിന്റെ മാതൃകയാകാൻ കെപിസിസി പ്രസിഡന്റ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ശൈലജക്കെതിരായ ആക്രോശം പ്രത്യേകമായ മനോനിലയുടെ ഭാഗമായിട്ടുള്ളതാണ്. അത് സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങൾ ഇങ്ങനെയൊക്കെയാണോ കാണുന്നത്. അണികളുടെ കൈയടിയും വാർത്താപ്രാധാന്യം ലഭിക്കൂവെന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയിൽ കെപിസിസി അധ്യക്ഷൻ വീണുപോയതിൽ ഖേദമുണ്ട്. കേവലമൊരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാവിന്റെ തരംതാണ വിമർശനം എന്ന നിലയിലല്ല ഞങ്ങൾ ഇതിനെ കാണുന്നത്. കേരളത്തെ കുറിച്ച് നല്ലത് കേൾക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന തുറന്നുപറച്ചിലായാണ് ഇതിനെ പരിഗണിക്കേണ്ടത്. മലയാളിയെന്ന അഭിമാനം പങ്കുവെക്കുന്നില്ലെന്ന് മാത്രമല്ല കേരളത്തെ പ്രശംസിക്കുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അല്പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന് മുന്നിൽ മാതൃകയായ കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്, രാഷ്ട്രീയ തിമിരം ബാധിച്ച യാഥാർഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസ്സിന്റെ ജല്പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പലവഴിക്ക് ശ്രമിച്ചവർ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ അധിക്ഷേപിക്കുന്നതിന്റെ രാഷ്ട്രീയ മനശാസ്ത്രം ജനങ്ങൾ പരിസോധിക്കണമെന്ന് മാത്രമേ തനിക്ക് അഭ്യർഥിക്കാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാദുരന്തങ്ങൾ വരുമ്പോൾ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് എല്ലാ മനുഷ്യരും ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണ് കേരളം എന്ന പ്രതീതി ലോകസമൂഹത്തിന് മുന്നിൽ വെളിവാക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ അധിക്ഷേപം. ഇത് ആ തരത്തിൽ കേരളത്തിന് അപമാനകരമാകുകയാണ്. ലോകസമൂഹത്തിൽ കേരളത്തെ അപീർത്തിപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കിൽ അത് ഒരു രീതിയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സാധാരണ ഇതേവരെയുള്ള വാർത്താസമ്മേളനങ്ങളിൽ കക്ഷിരാഷ്ട്രീയമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാറില്ല. ഇന്ന് കണ്ട ഒരു വാർത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാനപനത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയെന്നാണ്. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റർ ലിനി.

നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവൻ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിർബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.

നമ്മുടെ സഹോദരങ്ങൾ കൂട്ടത്തോടെ മരിച്ചുവീഴുമെന്ന് ഭയപ്പെട്ട നിപയെന്ന മാരകരോഗത്തെ ചെറുത്തുതോല്പിച്ചതിന്റെ അനുഭവം ഓർക്കുമ്പോൾ കൺമുന്നിൽ തെളിയുന്ന ആദ്യമുഖം ലിനിയുടെതാണ്. നിപയെ ചെറുക്കാനും കൂടുതൽ മരണങ്ങൾ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തിൽ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കൊവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തിൽ നിന്നാകും.

ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് ഒരു രീതിയിലും അനുവദിക്കില്ല. സിസിറ്റർ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭർത്താവ് സജീഷിനോടും ഒപ്പമാണ് കേരളം. അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകും. കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെ കുറിച്ച് രാഷ്ട്രീയ വിരോധം വെച്ച് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it