Kerala

കൊവിഡ് മുന്നണി പോരാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവിക്കെതിരേ സിഐടിയു

യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്.

കൊവിഡ് മുന്നണി പോരാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവിക്കെതിരേ സിഐടിയു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ഹെഡ് ലോഡ് ആന്‍ഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി. തിരുവനന്തപുരം ടിബി സെന്ററില്‍ വന്ന വാക്‌സിന്‍ കാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് റിപബ്ലിക്ക് ടിവി റിപോര്‍ട്ട് ചെയ്തത്.

എന്നാല്‍ യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്. ഇപ്പോള്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ വില നല്‍കി വാങ്ങുന്ന വാക്‌സിന്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള കാരിയര്‍ ബോക്‌സ് മാത്രമാണെന്നും സിഐടിയു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തൊഴിലാളികള്‍ ഇറക്ക് കൂലിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും മുതിര്‍ന്നിരുന്നില്ല. ഇറക്ക് കൂലി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്ത സമയത്തിന്റെ ഇടവേളയില്‍ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപോര്‍ട്ടര്‍ എത്തി ഇത്തരത്തില്‍ വസ്തുതകളെ വളച്ചൊടിച്ച് വാര്‍ത്ത ചമച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തൂലമായ സംഭാവനകള്‍ നല്‍കുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മാധ്യമം നടത്തിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ ഇടപെടുന്നവരാണ് തൊഴിലാളികള്‍. ഒരിടത്തും കൂലിയുടെ പേരില്‍ യാതൊരു തര്‍ക്കത്തിനും ഇടനല്‍കിയിട്ടില്ല. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങളുടെ അധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നല്‍കിയ തൊഴിലാളികളെ കുറിച്ച് സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇത്തരം ഹീനമായ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ നിന്നും പിന്മാറാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. ഈ വാര്‍ത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് സംഘടനകള്‍ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടന്ന കാര്യങ്ങള്‍ സിഐടിയു ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത തള്ളിക്കളയണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it