Kerala

ഇല്ലാത്ത കാന്‍സറിന് യുവതിക്ക് കീമോ; ആരോഗ്യമന്ത്രി റിപോർട്ട് തേടി

കീമോതെറാപ്പി അടക്കമുള്ള ചികില്‍സയ്ക്ക് വിധേയമായതിനാൽ പാര്‍ശ്വഫലങ്ങളാല്‍ ദുരിതം അനുഭവിച്ച് കഴിയുകയാണ് യുവതി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചികില്‍സ തേടിയെത്തിയ ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് സ്വകാര്യലാബിന്റെയും അധികൃതരുടെയും വീഴ്ചയ്ക്ക് ഇരയായത്.

ഇല്ലാത്ത കാന്‍സറിന് യുവതിക്ക് കീമോ; ആരോഗ്യമന്ത്രി റിപോർട്ട് തേടി
X

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോതെറാപ്പി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കി.

ഇല്ലാത്ത കാന്‍സറിന് കീമോതെറാപ്പി അടക്കമുള്ള ചികില്‍സയ്ക്ക് വിധേയമായതിനാൽ പാര്‍ശ്വഫലങ്ങളാല്‍ ദുരിതം അനുഭവിച്ച് കഴിയുകയാണ് യുവതി. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്തനത്തില്‍ കണ്ട മുഴയ്ക്ക് ചികില്‍സ തേടിയെത്തിയ ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് സ്വകാര്യലാബിന്റെയും അധികൃതരുടെയും വീഴ്ചയ്ക്ക് ഇരയായത്.

പരിശോധയക്ക് എത്തിയ രജനി ടെസ്റ്റ് സാംപിളില്‍ ഒന്ന് സ്വകാര്യലാബിലും മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും നല്‍കി. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്നായിരുന്നു എഴുതിയത്. പതോളജി ലാബിലെ റിപ്പോര്‍ട്ടിന് കാത്ത് നില്‍ക്കാതെ ഡോക്ടര്‍ ഇവര്‍ക്ക് കാന്‍സറിനുള്ള ചികില്‍സ തുടങ്ങി. കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ മുടി പൊഴിച്ചിലും ശരീരമാസകലം കരുവാളിപ്പ് മുതലായ പാര്‍ശ്വഫലങ്ങളുണ്ടായി.

ഇതിനിടെ പതോളജി ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറില്ലെന്ന് വന്നു. ആദ്യ കീമോതെറാപ്പിക്കു ശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. തുടര്‍ന്ന് ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞു. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രജനിയും കുടുംബവും.

Next Story

RELATED STORIES

Share it