Kerala

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവിതരണത്തിന് സാധ്യത; തീരുമാനം ബെവ്‌കോയെടുക്കും

ടോമിന്‍ തച്ചങ്കരി എംഡിയായിരിക്കെ കണ്‍സ്യൂമര്‍ഫെഡ് വഴി ഓണ്‍ലൈന്‍ മദ്യവിതരണത്തിന് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളുകയായിരുന്നു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവിതരണത്തിന് സാധ്യത; തീരുമാനം ബെവ്‌കോയെടുക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവിതരണം ആരംഭിക്കാന്‍ സാധ്യത. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ തീരുന്നതോടെ ഓണ്‍ലൈന്‍ ബുക്കിങിലൂടെയുള്ള മദ്യവിതരണം ആരംഭിക്കുന്നതിനെ കുറിച്ചാണ് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മദ്യവിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കുറിച്ച് ആലോചിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ബെവ്കോ എംഡിയെ ചുമതലപ്പെടുത്തി. അതിനാല്‍ ബെവ്കോ തീരുമാനിക്കും പോലെയായിരിക്കും കാര്യങ്ങളെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ടോമിന്‍ തച്ചങ്കരി എംഡിയായിരിക്കെ കണ്‍സ്യൂമര്‍ഫെഡ് വഴി ഓണ്‍ലൈന്‍ മദ്യവിതരണത്തിന് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളുകയായിരുന്നു. മദ്യകമ്പനികളില്‍ നിന്നുള്ള കമ്മിഷന്‍ ഇടപാടുകള്‍ നിലയ്ക്കുമെന്നതിനാല്‍ തൊഴിലാളി യൂണിയനുകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ എക്സൈസ് വകുപ്പും ബെവ്കോയും ഓണ്‍ലൈന്‍ മദ്യവിതരണത്തിന് അനുകൂലമാണെന്നാണ് സൂചന. ഓണ്‍ലൈന്‍ മദ്യവിതരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്നാട്ടില്‍ മദ്യവിതരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മദ്യവിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്താന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സൊമാറ്റോ ഉള്‍പ്പെടെയുള്ള ഭക്ഷ്യവിതരണ കമ്പനികള്‍ മദ്യം വീടുകളിലെത്തിക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

നിലവിലെ രീതിയില്‍ മദ്യശാലകള്‍ തുറന്നാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ എക്സൈസ് വകുപ്പിനോടും പോലിസിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ തുറന്ന സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണിത്. പല സംസ്ഥാനങ്ങളിലും അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു.

മദ്യശാലകള്‍ തുറന്നാല്‍ ആദ്യദിവസങ്ങളില്‍ വലിയ തിരക്കിന് സാദ്ധ്യതയുണ്ടെന്ന് പോലിസും രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം. അതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുക്കിങ് കൂപ്പണുമായി ആവശ്യക്കാര്‍ മദ്യവില്‍പനശാലകളില്‍ എത്തുന്നതനുസരിച്ചാവണം മദ്യവിതരണം. ബെവ്കോ കൗണ്ടറുകളില്‍ എത്തുന്നവര്‍ മദ്യം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഔട്ട്ലെറ്റുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാവൂ. ദിവസം നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പരിമിതപ്പെടുത്തിയാല്‍ തിരക്ക് നിയന്ത്രിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it