Kerala

വീട്, സ്ഥാപനം, ഒാഫീസ് ആക്രമിക്കപ്പെട്ടാൽ പോലിസിന് കാണാം; വെറും ഏഴ് സെക്കന്റിനുള്ളിൽ

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയ പദ്ധതിയായ സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഎെഎംഎസ്) പദ്ധതി കേരളം നടപ്പിലാക്കുകയാണ്.

വീട്, സ്ഥാപനം, ഒാഫീസ് ആക്രമിക്കപ്പെട്ടാൽ പോലിസിന് കാണാം; വെറും ഏഴ് സെക്കന്റിനുള്ളിൽ
X

തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും വ്യാപകമായ നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ദൃക്സാക്ഷികളുടെയും സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെയും സഹായത്താലാണ് ഇത്തരം സംഭവങ്ങൾ പോലിസ് അന്വേഷിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയ പദ്ധതിയായ സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഎെഎംഎസ്) പദ്ധതി കേരളം നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇൗ പദ്ധതി കേരള പോലിസ് അവതരിപ്പിക്കുന്നത്.

സെൻട്രൽ ഇന്റർഷൻ മോണിറ്ററിങ് സിസ്റ്റത്തിന്റെ പ്രത്യേകതകളും പ്രവർത്തന രീതിയും തികച്ചും ഉപയോഗപ്രദമാണ്. നിങ്ങളുടെ സ്ഥാപനം ആരെങ്കിലും ആക്രമിച്ചാൽ മൂന്ന് മുതൽ ഏഴ് സെക്കന്റിനകം സി.എെ.എം.എസ് കൺട്രോൾ റൂമിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാൻ കഴിയും. ഉടൻതന്നെ സിഎെഎംഎസ് കൺട്രോൾ റൂമിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള പോലിസ് സ്റ്റേഷനിലേക്ക് ഇൗ വിവരം റിപ്പോർട്ട് ചെയ്യപ്പെടും. സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷൻ മാപ്പ് മുതലായ വിവരങ്ങൾ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പോലിസ് എത്തി എഫ്എെആർ രജിസ്റ്റർ ചെയ്യും.

സർക്കാരിന്റെ നിർദേശം പ്രകാരം തയാറാക്കിയ ഇൗ പദ്ധതി കെൽട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിഎെഎംഎസ് കൺട്രോൾ റൂം പോലിസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവർത്തിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ഒാഫീസുകൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഎെഎംഎസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സ്ഥാപനം സി.എെ.എം.എസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാൽ കൺട്രോൾ റൂമിലുള്ള പ്രത്യേകതരം ഹാർഡ് വെയറും വീഡിയോ മാനേജ്മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തിൽ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെൻസറുകളും ക്യാമറകളും ഇന്റർഫേസിങ് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കും. ഇത്തരത്തിൽ കണക്ഷൻ നിലനിൽക്കുന്നതിനാൽ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പോലിസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും

എന്താണ് സെൻട്രൽ ഇന്റർഷൻ മോണിറ്ററിങ് സിസ്റ്റം (സിഎെഎംഎസ്)

സെക്കന്റുകൾക്കുള്ളിൽ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് നിർദേശം നൽകാനും സഹായിക്കുന്ന ആധുനിക സംവിധാനമാണിത്. നിങ്ങളുടെ വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലിസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.എെ.എം.എസ് പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.

ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുമ്പ് പോലിസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സിഎെഎംഎസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജിഎസ്എം സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുകയും ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തുകയും ചെയ്യും. ദൃശ്യങ്ങൾ കൺട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.

ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും. രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒാരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം 500 രൂപ മുതൽ 1000 രൂപ വരെ ഫീസ് കെൽട്രോൺ ഇൗടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഇൗ സംവിധാനം ഏർപ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. അക്രമി സംഘത്തിൽ ഇങ്ങനെയൊരാൾ ഉണ്ടെങ്കിൽ പോലിസിന് പെട്ടെന്ന് തിരിച്ചറിയാനാകും.

Next Story

RELATED STORIES

Share it