Kerala

എ എ റഹീമിനെതിരായ കേസ് പിൻവലിക്കരുതെന്ന് പരാതിക്കാരിയായ ഡോ.വിജയ ലക്ഷ്മി

കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹരജിക്കെതിരെയാണ് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സർവീസസ് ഡയറക്ടറും പ്രഫസറുമായ ഡോ. വിജയ ലക്ഷ്മി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹർജി ഫയൽ ചെയ്തത്.

എ എ റഹീമിനെതിരായ കേസ് പിൻവലിക്കരുതെന്ന് പരാതിക്കാരിയായ ഡോ.വിജയ ലക്ഷ്മി
X

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസ് പിൻവലിക്കരുതെന്ന് പരാതിക്കാരിയായ ഡോ. വിജയ ലക്ഷ്മി. കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹരജിക്കെതിരെയാണ് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സർവീസസ് ഡയറക്ടറും പ്രഫസറുമായ ഡോ. വിജയ ലക്ഷ്മി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹർജി ഫയൽ ചെയ്തത്.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയുടെ നിലനിൽപ്പും നിയമ സാധുതയും സെപ്തംബർ 17 ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സർക്കാർ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്ന നിരീക്ഷിച്ച കോടതി പരാതിക്കാരിയുടെ ഭാഗം കേൾക്കാനായി വിജയലക്ഷ്‌മിക്ക് നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് സർക്കാരിന്‍റെ പിൻവലിക്കൽ ഹരജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയലക്ഷ്‌മി തടസ ഹരജി സമർപ്പിസിച്ചിരുന്നത്.

യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ നേതാവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ എ എ റഹീം, മുൻ എസ്‌എഫ്‌ഐ പ്രവർത്തകരുമായ എസ് അഷിദ, ആർ അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു എസ് ആർ , ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം മിഥുൻ മധു, വിനേഷ് വി എ, ദത്തൻ, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. 2017 മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കായുള്ള കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്‍റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്സിറ്റി കലോൽസവ സമയത്ത് ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ ഇവരെ സമീപിച്ചു. എന്നാൽ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചിലവഴിക്കൽ രേഖകളായ ബില്ലുകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുനൂറോളം വിദ്യാർഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. സ്‌ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ല വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 -ാം വകുപ്പ് ബോധപൂർവം കന്‍റോണ്‍മെന്‍റ് പോലിസ് എഫ്‌ഐആറിലും കുറ്റപത്രത്തിലും ഒഴിവാക്കിയെന്നും വിചാരണയിൽ പ്രതികൾക്കനുകൂലമായി കൂറുമാറി മൊഴി നൽകുന്ന പ്രതികൾക്ക് വേണ്ടപ്പെട്ടവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിജയലക്ഷ്‌മി തടസ ഹരജിയില്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it