Kerala

ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; കടലില്‍ എണ്ണ പടരുന്നു; പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലെന്ന് കോസ്റ്റ്ഗാര്‍ഡ്

ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; കടലില്‍ എണ്ണ പടരുന്നു; പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലെന്ന് കോസ്റ്റ്ഗാര്‍ഡ്
X

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരുന്നത്. കപ്പല്‍ അപകടം ഉണ്ടാക്കാന്‍ ഇടയുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മലിനീകരണ നിയന്ത്രണ സംവിധാനം ഉള്ള ഐസിജി സക്ഷം എന്ന കപ്പലിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തുണ്ട്. എണ്ണ ചോര്‍ച്ച മാപ്പിംഗ് സാങ്കേതികവിദ്യയുള്ള നൂതന വിമാനങ്ങളാണ് കപ്പല്‍ മുങ്ങിയ പ്രദേശത്തിന്റെ വ്യോമ നിരീക്ഷണം നടത്തുന്നത്. എണ്ണ കടലില്‍ പടര്‍ന്നുതുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചത്.

കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം 640 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്നാണ് വിവരം. ഇതിന് പുറമെ കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. കേരളത്തിന്റെ തീരപ്രദേശം സംരക്ഷിക്കാന്‍ സജ്ജമാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.

അതേസമയം, കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്നര്‍ തീരത്ത് അടിഞ്ഞാലും ജനങ്ങള്‍ ഉള്‍പ്പെടെ അടുത്ത് ചെല്ലരുതെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.



Next Story

RELATED STORIES

Share it