Kerala

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട കാറും യുവാവിന്റെ മൃതദേഹവും കണ്ടെത്തി

പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. സംഭവം നടന്ന് 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്താനായത്.

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട കാറും യുവാവിന്റെ മൃതദേഹവും കണ്ടെത്തി
X

കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റില്‍ ഒഴുക്കില്‍പ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍ അങ്കമാലി അമലപുരം മഞ്ഞപ്ര സ്വദേശിയുമായ ജസ്റ്റിന്‍ ജോയി (26) യുടെ മൃതേദഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. സംഭവം നടന്ന് 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്താനായത്.

ദേശീയദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും പോലിസും ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍നിന്നുളള മുങ്ങല്‍ വിദഗ്ധരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. കാറില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ജസ്റ്റിന്റെ മൃതദേഹം. വടമുപയോഗിച്ച് കരയ്‌ക്കെത്തിച്ച കാറില്‍നിന്ന് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. കൊവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കൊച്ചി വിമാനത്താവളത്തില്‍നിന്നും വരികയായിരുന്നു ജസ്റ്റിന്‍. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെവരവെ നാലുമണിക്കാറ്റില്‍ വെള്ളക്കെട്ടില്‍പ്പെട്ടു. എന്നാല്‍, റോഡിലെ വെള്ളക്കെട്ടില്‍ കാര്‍ നിന്നുപോയതിനെത്തുടര്‍ന്ന് സമീപത്തെ വീട്ടില്‍ പഴ്‌സും ലൈസന്‍സും രേഖകളുമടക്കം നല്‍കിയശേഷം കാര്‍ വെള്ളക്കെട്ടില്‍നിന്ന് മാറ്റുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it