Kerala

ഭൂപരിഷ്കരണ നിയമത്തിന് ഭേദഗതി

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് 11 തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭൂപരിഷ്കരണ നിയമത്തിന് ഭേദഗതി
X

തിരുവനന്തപുരം: കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

11 തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കും

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് 11 തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 206 എസ്എല്‍ആര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ഐഎച്ച്ആര്‍ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ സര്‍വ്വീസിലെ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളെ നിലവില്‍ മലയാളം ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് പി.എസ്.സി മുഖേനയുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.

നിയമനങ്ങള്‍, മാറ്റങ്ങള്‍

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം പിന്നോക്ക വിഭാഗ വകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും അധിക ചുമതലകള്‍ വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറിയും കെഎസ്ഐഡിസി എംഡിയുമായ സഞ്ജയ് എം കൗളിന് നിലവിലുള്ള ചുമതലയ്ക്കു പുറമെ എക്സ്പോര്‍ട്ട് ട്രേഡ് കമ്മീഷണറുടെ അധിക ചുമതല നല്‍കും.

സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി സെക്രട്ടറിയുടെ അധികചുമതല വഹിക്കും.

സംസ്ഥാന ധനകാര്യ കമ്മീഷന്‍

മുന്‍ കേരള ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും.

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വൈന്‍

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

Next Story

RELATED STORIES

Share it