Kerala

അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ
X

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത് ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട വിദ്യാർഥി അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷന്‍ വഴിയുമായിരിക്കും നിയമനം. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവല്‍ ക്കരണ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചു. വിമുക്തി മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ 2999 താല്‍ക്കാലിക തസ്തികകള്‍ക്ക് 2020 സപ്തംബര്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ സ്ഥാപിക്കുന്ന ഇന്‍ഡോ - ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററിനും വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിനും വേണ്ടി മുപ്പത് ഏക്ര സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി 2017-ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണാനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയൂവേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കിറ്റ്കോ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 21 എന്‍ട്രി കേഡര്‍ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. മുഴുവന്‍ ശമ്പളച്ചെലവും ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം.

മട്ടന്നൂര്‍ നീന്തല്‍കുളത്തിന് 15 കോടി രൂപയുടെയും തൃശ്ശൂര്‍ അക്ക്വാട്ടിക് കോംപ്ലക്സിന് 5 കോടി രൂപയുടെയും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. നെടുമങ്ങാട് ഗവ. കോളജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളജ് (4), ചാലക്കുടി പി.എം ഗവ. കോളജ് (4), പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളജ് (1), നിലമ്പൂര്‍ ഗവ. കോളജ് (1), കരുനാഗപ്പള്ളി തഴവ ഗവ. കോളജ് (2) എന്നീ 6 ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 16 മലയാളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it