Kerala

സ്ഥാനാര്‍ഥി നിര്‍ണയം: എന്‍ഡിഎയിലും പ്രതിസന്ധി; അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബിഡിജെഎസ്, തുഷാര്‍ ഇന്ന് ഡല്‍ഹിക്ക്

പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ മല്‍സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതിനാലാണ് തീരുമാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി.

സ്ഥാനാര്‍ഥി നിര്‍ണയം: എന്‍ഡിഎയിലും പ്രതിസന്ധി; അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബിഡിജെഎസ്, തുഷാര്‍ ഇന്ന് ഡല്‍ഹിക്ക്
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എല്‍ഡിഎയിലും പ്രതിസന്ധി രൂക്ഷമാവുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്തും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയതോടെയാണ് മുന്നണിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ മല്‍സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതിനാലാണ് തീരുമാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി.

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി തുഷാര്‍ ഇന്ന് ഡല്‍ഹിക്ക് പോവും. ഇതിനുശേഷം അന്തിമനിലപാട് സ്വീകരിക്കാനാണ് ബിഡിജെഎസ്സിന്റെ തീരുമാനം. മുന്നണി വിടണമെന്ന അഭിപ്രായം ബിഡിജെഎസ്സില്‍ ശക്തമാണെങ്കിലും തുഷാര്‍ വെള്ളാപ്പള്ളി ഇത് തള്ളിക്കളഞ്ഞു. ബിജെപിക്ക് തങ്ങളോട് പല കാര്യങ്ങളും സംസാരിച്ച് ഒരു സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ എന്‍ഡിഎ സംഘടനാ സംവിധാനം ശക്തമല്ല. ബൂത്തുതലത്തിലുള്‍പ്പടെ കൃത്യമായ വോട്ടര്‍മാരുടെ പട്ടികയടക്കം തങ്ങളുടെ പക്കലുണ്ട്. എന്നാലതൊന്നും എന്‍ഡിഎയില്‍ കൃത്യമായില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

അതേസമയം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി എന്നിവിടങ്ങളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ബിജെപിയില്‍ അന്തിമരൂപമായിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കോന്നിയില്‍ കെ സുരേന്ദ്രനെയോ, ശോഭാ സുരേന്ദ്രനെയോ നിര്‍ത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. പക്ഷേ, സുരേന്ദ്രനും ശോഭയും ഇതുവരെ സമ്മതം മൂളിയിട്ടില്ല. മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുബ്ബയ്യറായിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങള്‍ ബിജെപിയില്‍ സജീവമാണ്. കര്‍ണാടകയിലെ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. അതിനിടെ, ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 10.30ന് കൊച്ചിയില്‍ ചേരും.

അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുകയെന്നതാണ് യോഗത്തിന്റെ അജണ്ട. അരൂരില്‍ ബിഡിജെഎസ് മല്‍സരരംഗത്തുനിന്നും പിന്‍മാറുന്നുവെന്ന് അറിയിച്ചതോടെ പകരം ബിജെപി തന്നെ രംഗത്തിറങ്ങണോ എന്ന കാര്യത്തിലും ചര്‍ച്ചകളുണ്ടാവും. ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയുടെ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിക്കും. കേന്ദ്രനേതൃത്വമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.

Next Story

RELATED STORIES

Share it