Kerala

ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി

കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ ഏകദേശധാരണയായെങ്കിലും കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എറണാകുളത്ത് ടി ജെ വിനോദും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.എസ് രാജേഷും സ്ഥാനാര്‍ഥികളാവുമെന്ന് ഉറപ്പായി.

ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി
X

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ ഏകദേശധാരണയായെങ്കിലും കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എറണാകുളത്ത് ടി ജെ വിനോദും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.എസ് രാജേഷും സ്ഥാനാര്‍ഥികളാവുമെന്ന് ഉറപ്പായി. സാമുദായിക സമവാക്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൃത്യമായി പാലിക്കണമെന്നുള്ള തിരഞ്ഞെടുപ്പ് സമിതി യോഗത്തിലുയര്‍ന്ന പൊതുവികാരമാണ് രാജേഷിന് സഹായകമാവുന്നത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് രാജേഷ്. എറണാകുളത്ത് കെ വി തോമസിന്റെ പേര് നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി ജെ വിനോദിനെ മല്‍സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. അതേസമയം, വട്ടിയൂര്‍ക്കാവിലും കോന്നിയിലും ധാരണയിലെത്താന്‍ യോഗത്തിനായില്ല. എന്‍ പീതാംബരക്കുറുപ്പിനെതിരേ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിയായുള്ള റോബിന്‍ പീറ്ററിനെതിരേ ഡിസിസിയിലെ അഭിപ്രായവ്യത്യാസവുമാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. പീതാംബരക്കുറിപ്പിനെ മല്‍സരിപ്പിക്കുന്നതിനെതിരേ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ പ്രതിഷേധവുമായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവര്‍ത്തരുടെ ആവശ്യം. എന്നാല്‍, പീതാംബരകുറുപ്പിനായി കെ മുരളീധരന്‍ ശക്തമായി രംഗത്തുണ്ട്. പ്രതിഷേധങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും താന്‍ മല്‍സരിച്ചപ്പോള്‍ ഇതിനേക്കാള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ അന്തരീക്ഷമെന്താണെന്ന് തനിക്ക് നല്ലപോലെ അറിയാം. തന്റെ അഭിപ്രായമടക്കം എല്ലാവരുടെയും അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്. പ്രായം ഒരുഘടകമല്ല. സാങ്കേതികമായി വടകര എംപിയാണെങ്കിലും വട്ടിയൂര്‍ക്കാവില്‍ തുടര്‍ന്നും നിറഞ്ഞുനില്‍ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍പ്രകാശിന്റെ നിര്‍ദേശം കെപിസിസി അംഗീകരിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം നാളെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക നാളെ ഹൈക്കമാന്‍ഡിന് അയക്കും. ഹൈക്കമാന്‍ഡായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Next Story

RELATED STORIES

Share it