Kerala

സുരക്ഷ പാലിക്കാതെ ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കൊച്ചി കോര്‍പറേഷന് സ്‌റ്റോപ് മെമ്മോ നല്‍കുമെന്ന് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്

സ്‌റ്റോപ് മെമ്മോ നല്‍കുന്ന കാര്യം കലക്ടറെ അറിയിച്ചിട്ടുണ്ട്. പ്ലാന്റിലെ തീപിടിത്തത്തിന്റെ ഉത്തരവാദിത്വം കൊച്ചി കോര്‍പ്പറേഷനാണ്. കോര്‍പ്പറേഷനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ കലക്ടറോട് ആവശ്യപ്പെടും.പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.പഞ്ചായത്തിനെ മാലിന്യ പഞ്ചായത്താക്കാന്‍ അനുവദിക്കില്ല.

സുരക്ഷ പാലിക്കാതെ ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കൊച്ചി കോര്‍പറേഷന് സ്‌റ്റോപ് മെമ്മോ നല്‍കുമെന്ന് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്
X

കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കരുതെന്ന് കാണിച്ച് കൊച്ചി കോര്‍പറേഷന് സ്‌റ്റോപ് മെമ്മോ നല്‍കുമെന്ന് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണമല്ല, മാലിന്യ നിക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റോപ് മെമ്മോ നല്‍കുന്ന കാര്യം കലക്ടറെ അറിയിച്ചിട്ടുണ്ട്. പ്ലാന്റിലെ തീപിടിത്തത്തിന്റെ ഉത്തരവാദിത്വം കൊച്ചി കോര്‍പ്പറേഷനാണ്. കോര്‍പ്പറേഷനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ കലക്ടറോട് ആവശ്യപ്പെടും. തീ പിടിത്തമുണ്ടാകാനുള്ള സാധ്യതയൊന്നും അവിടെയില്ലെന്നും പി കെ വേലായുധന്‍ പറഞ്ഞു.

പ്ലാന്റില്‍ സുരക്ഷാ മാനദണ്ഡള്‍ ഉറപ്പാക്കി ഒരാഴ്ചയ്ക്ക് ശേഷമെ മാലിന്യം സംഭരിക്കുകയുളളുവെന്ന മേയറുടെ വാദം പൊള്ളത്തരമാണെന്ന്് തെളിഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെ 19 ലോഡ് മാലിന്യങ്ങള്‍ പ്ലാന്റിലെത്തിച്ചു. സംരക്ഷണം ഉറപ്പാക്കാതെ മാലിന്യം കൊണ്ടുവന്നാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്നും പി കെ വേലായുധന്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ തീപിടിത്തത്തിന് ശേഷം കോര്‍പ്പറേഷനിലെ മാലിന്യ ശേഖരണം നിര്‍ത്തിവച്ചിരുന്നു. പ്ലാന്റ് സ്ഥാപിച്ചശേഷം ഒരു വര്‍ഷം മാത്രമാണ് അവിടെ മാലിന്യ സംസ്‌കരണം നടത്തിയത്. പിന്നീട് മാലിന്യം നിക്ഷേപിക്കുന്നയിടമാക്കി മാറ്റി. കോര്‍പ്പറേഷനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം.പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം നടന്നില്ല. പ്ലാന്റിന് ചുറ്റം 12 മീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മിച്ചില്ല. കടമ്പ്രായാറിനോട് ചേര്‍ന്ന് പടിഞ്ഞാറു വശം ഗേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ജനവാസ മേഖലയോട് ചേര്‍ന്ന് ഗേറ്റ് നിര്‍മിച്ചു.

പ്ലാന്റിലെ മലിന ജലം കടമ്പ്രയാറിലേക്ക് ഒഴുകുന്നത് തടയാനായിട്ടില്ല.മൂടികെട്ടിയ വാഹനത്തില്‍ മാലിന്യം കൊണ്ടുവരണമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ബ്രഹ്മപുരത്തെ പ്ലാന്റില്‍ നിന്നുയരുന്ന ദുര്‍ഗന്ധം പത്ത് കിലോമീറ്റര്‍ വരെ വ്യാപിക്കുകയാണ്. പ്ലാന്റില്‍ അഗ്‌നി ശമന സംവിധാനമൊരുക്കിയിട്ടില്ല. സുരക്ഷ ജീവനക്കാരെ നിയമിക്കാനായിട്ടില്ല. മാലിന്യ കൂമ്പാരങ്ങള്‍ക്കിടയിലൂടെ അഗ്‌നി ശമന സേന വാഹനങ്ങള്‍ക്ക് പോകാന്‍ വഴിയൊരുക്കിയിട്ടില്ലെന്നും പി കെ വേലായുധന്‍ പറഞ്ഞു.മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്റിനെ എതിര്‍ക്കും. പഞ്ചായത്തിനെ മാലിന്യ പഞ്ചായത്താക്കാന്‍ അനുവദിക്കില്ല. മാലിന്യ സംസ്‌കരണം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കണം. പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ടതുണ്ടണ്ടെന്നും പ്രസിഡന്റ് പി കെ വേലായുധന്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക നന്ദനന്‍, അംഗങ്ങളായ ബീന കുര്യാക്കോസ്, ടി കെ പോള്‍, സോഫി ഐസക്, കെ പി വിശാഖ്, ബീന കുര്യാക്കോസ്, അബ്ദുള്‍ ബഷീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it